തദ്ദേശീയമായി നിർമിക്കുന്ന ജീപ്പ് കോംപസ് ഫിയറ്റിന്റെ രഞ്ജൻഗാവിലുള്ള നിർമാണശാലയിൽ നിന്ന് പുറത്തിറങ്ങി. മഹാരാഷ്ട്ര മുഖ്യ മന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് രഞ്ജൻഗാവ് നിർമാണ ശാലയിൽ നിന്നുള്ള ആദ്യ കോംപസ് പുറത്തിറങ്ങിയത്. ആദ്യ ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങുന്ന ചിത്രവും കമ്പനി തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. എന്നാൽ ജീപ്പിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടില്ല. 160 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കുമുള്ള 1.4 ലീറ്റർ മൾട്ടിജെറ്റ് പെട്രോൾ എൻജിനും 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുള്ള 2 ലീറ്റർ ഡീസൽ എൻജിനുമാണ് ഇന്ത്യൻ കോംപസിനു കരുത്തു പകരുക.
4398 എംഎം നീളവും, 1819 എംഎം വീതിയും 1667 എംഎം പൊക്കവും 2636 എംഎം വീൽബെയ്സുമുണ്ട് കോംപസിന്. മികച്ച നിർമാണ നിലവാരം, അമ്പതിലധികം സുരക്ഷാ സംവിധാനങ്ങൾ, സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫോർ വീൽ ഡ്രൈവ് സിസ്റ്റം എന്നിവയുമായാണ് ജീപ്പ് കോംപസ് എത്തുകയെന്ന് കമ്പനി അവകാശപ്പെടുന്നു. ജീപ്പിന്റെ ചെറു എസ്‌യുവിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും വീൽബേസ് കൂടിയ വാഹനമാണ് കോംപസ്. രാജ്യാന്തര വിപണിയിൽ വിൽപ്പനയിലുള്ള കോംപസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. സ്മോൾ വൈഡ് ആർക്കിടെക്ചർ’ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ ഫ്രീക്വൻസി സെലക്ടീവ് ഡാംപിങ് സഹിതമുള്ള സ്വതന്ത്ര സസ്പെൻഷനും കൃത്യതയാർന്ന ഇലക്ട്രിക് പവർ സ്റ്റീയറിങ്ങും എഫ്‌സിഎ വാഗ്ദാനം ചെയ്യുന്നുണ്ട്.
ബിഎംഡബ്ല്യു ‘എക്സ് വൺ’, ഹ്യുണ്ടേയ് ‘ട്യൂസോൺ’, ഹോണ്ട ‘സിആർ — വി’, ഔഡി ക്യൂ 3 തുടങ്ങിയ വാഹനങ്ങളുമായിട്ടാകും ജീപ്പ് കോംപസ് പ്രധാനമായും ഏറ്റുമുട്ടുക. എന്നാൽ, 20 ലക്ഷത്തിൽ താഴെയാണു പ്രാരംഭ വിലയെങ്കിൽ ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്സ, എക്സ്‌യുവി 500 അടക്കം ഇന്ത്യൻ വിപണിയിലെ പല ജനപ്രിയ ബജറ്റ് എസ്‌യുവികൾക്കും കോംപസ് ഭീഷണി സൃഷ്ടിച്ചേക്കാം.