റോയൽ എൻഫീല്‍ഡ് ബൈക്കുകൾ കൈവിട്ട് അമേരിക്കൻ നിർമാതാക്കളായ ഹാർലി ഡേവിഡ്സണിന്റെ പുറകെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ പൊലീസ് സേനകൾ. ഗുജറാത്ത് പൊലീസിന് പിന്നാലെ അമേരിക്കൻ സൂപ്പർബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത പൊലീസും. ഹാർലി ഡേവിഡ്സണിന്റെ 12 സ്ട്രീറ്റ് 750 ബൈക്കുകളാണ് കൊൽക്കത്ത പൊലീസ് സ്വന്തമാക്കിയത്. റോയൽ എൻഫീൽഡിന്റെ ബൈക്കുകൾ ഉപേക്ഷിച്ചാണ് കൊൽക്കത്ത പൊലീസ് ഹാർലിയിലേയ്ക്ക് ചുവടുമാറിയത്.
പഴയ ബുള്ളറ്റിന്റെ ഘടകങ്ങൾ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും സർവീസ് ചെലവുകളുടെ വർദ്ധനവുമാണ് ഹാർലിയിലേക്ക് മാറാൻ കൊൽക്കത്ത പൊലീസിനെ പ്രേരിപ്പിച്ചത്. കൊൽക്കത്ത പൊലീസിന്റെ ആവശ്യപ്രകാരം പ്രത്യേക മോഡിഫിക്കേഷൻ വാഹനത്തിൽ നടത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളടക്കം സത്വര പ്രതികരണം അർഹിക്കുന്ന മേഖലകളിലാവും ഹാർലി ഡേവിഡ്സൻ ബൈക്കുകൾ വിന്യസിക്കുക. ഒപ്പം സംസ്ഥാന മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കുമുള്ള എസ്കോർട്ട് ചുമതലയിലും ഈ ‘സ്ട്രീറ്റ് 750’ ബൈക്കുകൾ പ്രതീക്ഷിക്കാം. ഏകദേശം 5.14 ലക്ഷം രൂപയാണു ‘സ്ട്രീറ്റ് 750’ ബൈക്കിന്റെ ഷോറൂം വില.
രാജ്യത്തെ പൊലീസ് സേനകൾ പൊതുവേ ബജാജ് ഓട്ടോയിൽ നിന്നുള്ള ‘പൾസർ 150’, ‘പൾസർ 200’, ‘പൾസർ 220’, ‘അവഞ്ചർ 200’ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. കേരള പൊലീസടക്കം റോയൽ എൻഫീൽഡിൽ നിന്നുള്ള ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകളും ഉപയോഗിക്കുന്നുണ്ട്. അതേസമയം ഹാർലി ഡേവിഡ്സൻ ‘സ്ട്രീറ്റ് 750’ പോലുള്ള ഇരുചക്രവാഹനങ്ങൾ കൈവരുന്നതോടെ പുതുതലമുറ കാറുകളെയും ബൈക്കുകളെയും പിന്തുടർന്നു പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.
സ്ട്രീറ്റ് 750
ഹാർലി ഡേവിഡ്‌സണിന്റെ ഇന്ത്യൻ നിർമ്മിത ബൈക്കാണ് സ്ട്രീറ്റ് 750. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഹാര്‍ലി പുറത്തിറക്കുന്ന പുതിയ മോഡലായ സ്ട്രീറ്റ് 750 തന്നെയാണ് ഹാര്‍ലി ലൈനപ്പിലെ ഏറ്റവും വിലക്കുറവുള്ള ബൈക്കും. ഹാര്‍ലിയുടെ ഏറ്റവും പുതിയ ടെക്‌നോളജിയായ റെവലൂഷന്‍ എക്‌സ് പ്രകാരം തയ്യാറാക്കിയ എൻജിനാണ് സ്ട്രീറ്റ് 750-ൽ നല്‍കിയിരിക്കുന്നത്. ഹാര്‍ലിയുടെ പരമ്പരാഗത എയര്‍കൂള്‍ എൻജിന് മാറ്റി അതിനു പകരം ലിക്വിഡ് കൂള്‍ഡ് എൻജിനാണ് ഹാര്‍ലി 750നു നല്‍കിയിരിക്കുന്നത്. 60 ഡിഗ്രി വി-ട്വിന്‍ നാല് വാല്‍വ് എൻജിന്‍ 4000 ആര്‍പിഎമ്മില്‍ 60 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്നുണ്ട്.