മോദിക്ക് മോടി കൂട്ടി റേഞ്ച് റോവര്‍

എസ്‌യുവികളെ ഇഷ്ടപ്പെടുന്നയാളാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ മഹീന്ദ്രയുടെ എസ്‌യുവി സ്‌കോര്‍പ്പിയ ആയിരുന്നു മോദിയുടെ ഇഷ്ട വാഹനം. പിന്നീട് പ്രധാനമന്ത്രിപദത്തിലെത്തിയപ്പോള്‍ എസ്പിജിയുടെ താല്‍പര്യപ്രകാരം ബിഎംഡബ്ല്യുവിന്റെ അതിസുരക്ഷ സെവന്‍ സീരീസിലേക്ക് മാറ്റി യാത്ര. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും യാത്ര എസ്‌യുവിയില്‍ ആക്കിയിരിക്കുന്നു.

സ്വാതന്ത്രദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി എത്തിയത് അതിസുരക്ഷ പ്രദാനം ചെയ്യുന്ന ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറില്‍. ബിഎംഡബ്ല്യു സെവന്‍ സീരിസ് ഉപേക്ഷിച്ചാണ് പ്രധാനമന്ത്രി റേഞ്ച് റോവര്‍ സ്വീകരിച്ചത് എന്നതിന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ലെങ്കിലും പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ സെന്റിനല്‍. വിആര്‍ 8 ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേഡ് പ്രകാരം നിര്‍മിച്ചിരിക്കുന്ന രണ്ടു റേഞ്ച് റോവര്‍ സെന്റിനലുകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുള്ളത്.

റേഞ്ച് റോവറിനെ കൂടാതെ ടൊയോട്ട ഫോര്‍ച്യൂണറും മെഴ്‌സഡീസ് സ്പ്രിന്ററുമാണ് വ്യൂഹത്തിലുണ്ടായിരുന്ന മറ്റുവാഹനങ്ങള്‍. സാധാരണ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടില്‍ നിന്നു വലിയ വ്യത്യാസം കാഴ്ചയിലില്ല. 7.62 എംഎം ബുള്ളറ്റുകള്‍ വരെ തടയാനുള്ള ശേഷിയുള്ള ബോഡിയാണ്്. കൂടാതെ 15 കിലോഗ്രാം ടിഎന്‍ടി ബോംബ് ബ്ലാസ്റ്റില്‍ നിന്ന് വരെ ചെറുത്തു നില്‍ക്കാനുള്ള ശേഷി ഈ എസ്‌യുവിക്കുണ്ട്.

പഞ്ചറായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാന്‍ ശേഷിയുള്ള ബോഡിയാണ് റേഞ്ച് റോവറിന്റത്. മൂന്നു ലീറ്റര്‍ ശേഷിയുള്ള വി6 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 335 ബിഎച്ച്പിയാണ് പരമാവധി കരുത്ത്. കൂടിയ വേഗം ഏകദേശം 225 കിലോമീറ്റര്‍.