എതിരാളികളുടെ ഉറക്കം കെടുത്തിയാണ് ജീപ്പ് കോംപസ് വിപണിയിലെത്തിയത്. സെഗ്മെന്റിലെ വാഹനങ്ങൾക്ക് മാത്രമല്ല എസ്‌യുവി എംയുവി നിരയിലെ നിരവധി വാഹനങ്ങൾക്ക് ജീപ്പ് ഭീഷണി സൃഷ്ടിച്ചു. വില പ്രഖ്യാപിക്കും മുമ്പേ ലഭിച്ച ബുക്കിങ്ങുകളും ആരാധകരെ ആവേശത്തിലാഴ്ത്തിയ വില പ്രഖ്യാപനവും മറ്റു യുവി നിർമാതാക്കളെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.
അമേരിക്കൻ പാരമ്പര്യവുമായി എത്തുന്ന ജീപ്പ് കോംപസിനെ പിടിച്ചുകെട്ടാൻ പരസ്യത്തിലൂടെയുള്ള യുദ്ധത്തിന് ഇറങ്ങിയിരിക്കുകയാണ് ഇന്ത്യൻ വാഹന നിർമാതാക്കൾ. ഹെക്സയുടെ പരസ്യത്തിലൂടെ ടാറ്റയാണ് ആദ്യ വെടി പൊട്ടിച്ചതെങ്കിൽ ഇപ്പോൾ മഹീന്ദ്രയും പരസ്യത്തിലൂടെ കോംപസിന് എതിരെ തിരിച്ചിരിക്കുന്നു.
ഹെക്സയിൽ എവിടെ വേണമെങ്കിലും പോകാം കോംപസിന്റെ ആവശ്യമില്ലെന്നായിരുന്നു ടാറ്റയുടെ പരസ്യമെങ്കിൽ മത്സരം ജയിക്കാൻ കോംപസ് അല്ല ധൈര്യമാണ് വേണ്ടത് എന്ന പരസ്യമാണ് മഹീന്ദ്ര നൽകിയിരിക്കുന്നത്. പ്രീമിയം സെഗ്മെന്റിലാണ് ജീപ്പ് കോംപസിനെ പുറത്തിറക്കിയതെങ്കിലും വില പ്രഖ്യാപിച്ചതോടെ മഹീന്ദ്ര എക്സ്‌യുവി, ടാറ്റ ഹെക്സ എന്നിവയടക്കം നിരവധി വാഹനങ്ങൾക്കാണ് ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്.
ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ജീപ്പ് കോംപസിനെ പുറത്തിറക്കിയത് കഴിഞ്ഞ മാസം 31നായിരുന്നു. ഇന്ത്യയിൽ ഗ്രാൻഡ് ചെറോക്കിക്കും റാംഗ്‌ളർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. കൂടാതെ ജീപ്പ് ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാഹനവും കോംപസ് തന്നെ. 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എൻജിനുകളാണ് കോംപസിനുള്ളത്. 14.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്സ്ഷോറൂം വില.