ബാറ്ററിയിൽ ഓടുന്ന വാഹനങ്ങൾക്കായുള്ള ഗവേഷണ, വികസന(ആർ ആൻഡ് ഡി) പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹിന്ദുജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്‌ലൻഡും മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ ഐ ടി)യും കൈകോർക്കുന്നു. ബാറ്ററി എൻജിനീയറിങ് ശക്തിപ്പെടുത്താനും വൈദ്യുത വാഹനങ്ങൾക്കുള്ള യന്ത്രഘടകങ്ങൾ വികസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിലാണ് ഇരു പങ്കാളികളും സഹകരിക്കുക.
ധാരണയുടെ ഭാഗമായി അശോക് ലേയ്‌ലൻഡ് മദ്രാസ് ഐ ഐ ടിയിലെ സെന്റർ ഓഫ് ബാറ്ററി എൻജിനീയറിങ്ങിന്റെ പ്രായോജകരാവും. വരുന്ന അഞ്ചു വർഷത്തിനിടെ 1.50 കോടി രൂപയുടെ സഹായവും കമ്പനി ഈ കേന്ദ്രത്തിനു ലഭ്യമാക്കും. ബാറ്ററികളുടെ സവിശേഷതകൾ പഠിക്കാനായി നിവലിൽ പുരോഗതിയിലുള്ള ഗവേഷണങ്ങളിലാണു സെന്റർ ഓഫ് ബാറ്ററി എൻജിനീയറിങ്(സി ഒ ബി ഇ) വ്യവസായ മേഖലയുടെ പങ്കാളിത്തം തേടുന്നത്. അടുത്ത തലമുറ സ്മാർട് ബാറ്ററി ചാർജറുകളും ബാറ്ററി മാനേജ്മെന്റ് നടപടിക്രമങ്ങളും വികസിപ്പിക്കാനും ഈ കേന്ദ്രത്തിനു പദ്ധതിയുണ്ട്.
മദ്രാസ് ഐ ഐ ടിയിലെ സി ഒ ബി ഇയിലെ വിദഗ്ധ ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും പങ്കാളിത്തത്തോടെ വൈദ്യുത വാഹന വ്യവസായ മേഖലയെ കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്ന് അശോക് ലേയ്‌ലൻഡ് ഇലക്ട്രിക്കൽ വെഹിക്കിൾസ് ആൻഡ് ഇ മൊബിലിറ്റി സൊല്യൂഷൻസ് മേധാവി കാർത്തിക് ആത്മനാഥൻ അറിയിച്ചു.
വ്യവസായ മേഖലയിലെ പങ്കാളികളുമായി മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കാനാണു സി ഒ ബി ഇ ലക്ഷ്യമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ് പോലുള്ള തന്ത്രപ്രധാന മേഖലകളിൽ അശോക് ലേയ്‌ലൻഡിനെ പോലുള്ള കമ്പനികൾക്കായി കൺസൽറ്റൻസി ചുമതല ഏറ്റെടുക്കാനും കേന്ദ്രത്തിനു പദ്ധതിയുണ്ട്. വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററി എൻജിനീയറിങ് ഗവേഷണ, വികസന മേഖലയിലെ പുത്തൻ പ്രവണതയാണെന്ന മദ്രാസ് ഐ ഐ ടി ഡയറക്ടർ ഭാസ്കർ രാമമൂർത്തി അഭിപ്രായപ്പെട്ടു.