12 വൈദ്യുത കാർ പുറത്തിറക്കുമെന്നു റെനോ നിസ്സാൻ

വരുന്ന ആറു വർഷത്തിനിടെ 12 വൈദ്യുത കാറുകൾ അവതരിപ്പിക്കുമെന്ന് ജാപ്പനീസ് ഫ്രഞ്ച് കാർ നിർമാണസഖ്യമായ റെനോ നിസ്സാൻ. പന്ത്രണ്ടോളം മോഡലുകളിൽ ഡ്രൈവറുടെ സഹായമില്ലാതെ സ്വയം ഓടുന്ന സാങ്കേതികവിദ്യ ലഭ്യമാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 2022 വരെയുള്ള അഞ്ചു വർഷക്കാലത്തേക്കുള്ള തന്ത്രങ്ങളാണു കഴിഞ്ഞ ദിവസം റെനോ നിസ്സാൻ ചെയർമാൻ കാർലോസ് ഘോസ്ൻ പ്രഖ്യാപിച്ചത്. 2022 ആകുമ്പോഴേക്ക് 1.40 കോടി യൂണിറ്റ് വിൽപ്പനയാണു സഖ്യം ലക്ഷ്യമിടുന്നത്; ഇപ്പോഴത്തെ വാർഷിക വിൽപ്പനയായ ഒരു കോടി യൂണിറ്റിനെ അപേക്ഷിച്ച് 40% അധികമാണിത്. ഈ വിൽപ്പന ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാൻ റെനോ നിസ്സാന്റെ വാർഷിക വരുമാനം 24,000 കോടി ഡോളർ(15.39 ലക്ഷം കോടി രൂപ) ആവുമെന്നാണു കണക്കാക്കുന്നത്.

സഖ്യത്തിന്റെ 2022 കാലത്തെ വിൽപ്പനയിൽ 30 ശതമാനത്തോളം ഇലക്ട്രിഫൈഡ് കാറുകളുടെ വിഹിതമാവുമെന്നും ഘോസ്ൻ കരുതുന്നു. പൂർണമായും ബാറ്ററിയിൽ ഓടുന്നവയ്ക്കും സങ്കര ഇന്ധന കാറുകൾക്കും ചേർന്നു നൽകിയിരിക്കുന്ന പേരാണ് ഇലക്ട്രിഫൈഡ് കാറുകൾ.  സൗകര്യങ്ങളും സംവിധാനങ്ങളും പങ്കുവയ്ക്കുക വഴി അടുത്ത ആറു വർഷത്തിനിടെ പ്രവർത്തന ചെലവിൽ 1200 കോടി ഡോളർ(76,980 കോടിയോളം രൂപ) ലാഭിക്കാനാവുമെന്നാണ് നിലവിൽ ജാപ്പനീസ് നിർമാതാക്കളായ മിറ്റ്സുബിഷി കൂടി ഉൾപ്പെടുന്ന റെനോ നിസ്സാൻ സഖ്യത്തിന്റെ പ്രതീക്ഷയെന്നും ഘോസ്ൻ വെളിപ്പെടുത്തി.

അതേസമയം സഖ്യത്തെ ഒറ്റ കമ്പനിയാക്കി മാറ്റി കൂടുതൽ ദൃഢമാക്കാനോ അംഗങ്ങൾക്കിടയിലെ പരസ്പര ഓഹരി പങ്കാളിത്തം വർധിപ്പിക്കാനോ പരിപാടിയില്ലെന്നും ഘോസ്ൻ വ്യക്തമാക്കി. അതതു കമ്പനികളുടെ വ്യക്തിത്വത്തെ മാനിച്ചുള്ള തന്ത്രങ്ങളാണു സഖ്യം തയാറാക്കുന്നതെന്നും അദ്ദേഹംവിശദീകരിച്ചു. സ്വയം ഓടുന്ന സാങ്കേതികവിദ്യയുടെ പിൻബലമുള്ള നാൽപതോളം മോഡലുകൾ വികസിപ്പിക്കാനാണു റെനോ നിസ്സാൻ ലക്ഷ്യമിടുന്നത്. ഒപ്പം റോബോട്ടിക് വാഹനങ്ങൾ ഉപയോഗിച്ചു റൈഡ് ഹെയ്ലിങ് സേവനം ലഭ്യമാക്കാനും സഖ്യത്തിനു പദ്ധതിയുണ്ട്.