നാലു വിമാനങ്ങളുമായി തുടക്കം; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വ്യോമസേനകളിലൊന്ന്

SU 30 IN FORMATION

ഇന്ത്യയുടെ അഭിമാനമായി ഭാരതീയ വ്യോമസേന 85–ാം വാർഷികം ആഘോഷിക്കുകയാണ്. ഇന്ത്യയ്ക്കു സ്വാതന്ത്യ്രം കിട്ടുന്നതിനു മുമ്പ് 1932 ഒക്ടോബർ 8 നാണു ഭാരതീയ വ്യോമസേന സ്ഥാപിതമായത്. 1932 ലെ ഇന്ത്യൻ എയർഫോഴ്സ് ആക്ട് അനുസരിച്ച് വ്യോമസേന രൂപീകൃതമായത്.തുടക്കത്തിൽ 6 ആഫീസർമാരും 19 ഭടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. തൊട്ടടുത്ത വർഷം ഏപ്രിൽ ഒന്നിനാണ് ഇന്ത്യൻ എയർഫോഴ്സിന്റെ ആദ്യ സ്ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതാണ് ആദ്യത്തെ സ്ക്വാ‍ഡ്രൻ.

Image Source-IAF

വെസ്റ്റ്ലാൻഡ് വപിറ്റി

വെസ്റ്റ്ലാൻഡിന്റെ വപിറ്റി വിമാനമാണ് ഇന്ത്യൻ വ്യോമസനേയുടെ ആദ്യത്തെ ഫൈറ്റർ വിമാനം. 1937 - ൽ ബ്രീട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലും 1939 - ൽ ബർമാമുന്നണിയിൽ ഗോത്രവർഗങ്ങൾക്കെതിരായുമാണ് വ്യോമസേന ആദ്യമായി ആക്രണങ്ങൾ സംഘടിപ്പിച്ചത്. തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ സേനക്കെതിരെയും വപിറ്റി വിമാനങ്ങൾ ഉപയോഗിച്ചു. യുദ്ധം അവസാനിക്കുമ്പോൾ ഭാരതീയ വ്യോമസേനക്ക് 9 സ്ക്വാഡ്രനുകൾ നിലവിൽ വന്നുകഴിഞ്ഞിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ വഹിച്ച പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്നായി മാറി. എന്നാൽ സ്വാതന്ത്യ്രാനന്തരം ഇന്ത്യൻ എയർഫോഴ്സ് എന്നാക്കി മാറ്റുകയായിരുന്നു. 

Sukhoi 30

സുബ്രതോ മുഖർജിയാണ് ഇന്ത്യൻ വ്യോമസേനയുടെ തലവനാകുന്ന ആദ്യത്തെ ഇന്ത്യക്കാരൻ. സ്വാതന്ത്ര്യപ്രാപ്തിയെ തുടർന്നുള്ള ആദ്യവർഷത്തിൽ അഭയാർഥികളെ രക്ഷിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടു. 1950 - ൽ ആസമിലുണ്ടായ ഭീകര ഭൂകമ്പത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും കശ്മീർ പ്രതിരോധത്തിലും വ്യോമസേന പ്രധാന പങ്കു വഹിക്കുകയുണ്ടായി. 1965 - ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധമായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ യശസ് ഉയർത്തിയത്. അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിന് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടിയാണ് നൽകിയത്. പാക്കിസ്ഥാന്റെ നിരവധി ടാങ്കുകളും വിമാനങ്ങളും ഇന്ത്യ തകർത്തു.

Tejas

സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേന ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണിന്ന്. ആത്യാധുനിക ആയുധങ്ങളുടെ കാര്യത്തിലും വിമാനങ്ങളുടെ കാര്യത്തിലും ഇന്ന് ഇന്ത്യൻ വ്യാമസേന ഏറെ മുന്നിലാണ്.  മിഗ്–21, മിഗ്-29, സുഖോയി Su-30MKI, മിറാഷ് 2000, HAL തേജസ്, മിഗ്-27, ജഗ്വാർ എന്നീ ലോകോത്തര യുദ്ധവിമാനങ്ങളും HAL ധൃുവ്,  Mi-26, Mi-8, Mi-17, Mi-24,  ഒലെറ്റ്‌ III, എച്ച്എൽ ചേതക് തുടങ്ങിയ ഹെലികോപ്റ്ററുകളും അടക്കം ഏകദേശം 1600 ൽ അധികം വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണിന്ന്.