പറക്കാനൊരുങ്ങി ദുബായ് പൊലീസ്

Hoversurf

ലോകത്തെ എന്നും അത്ഭുതപ്പെടുത്താറുണ്ട് ദുബായ് പൊലീസ്. ഏറ്റവും വേഗം കൂടിയ സൂപ്പര്‍കാറുകളും ആഡംബരം നിറഞ്ഞ ലക്ഷ്വറി കാറുകളും തുടങ്ങി ആകാശത്ത് പറക്കാന്‍ ജെറ്റ്പാക്ക് വരെ ദുബായ് പൊലീസിന്റെ ഗ്യാരേജിലുണ്ട്. ലോകത്തെ വീണ്ടും ഞെട്ടിച്ചുകൊണ്ട് പറക്കും ബൈക്കുമായി ദുബായ് പൊലീസ്. 2017 ജികെക്‌സ് ടെക്‌നിക്കല്‍ ഷോയിലാണ് പറക്കുന്ന ബൈക്ക് പ്രദര്‍ശിപ്പച്ചത്.

ഡ്രോണിന്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന പറക്കും ബൈക്ക് നിർമിക്കുന്നത് ഹോവര്‍സര്‍ഫര്‍ എന്ന റഷ്യന്‍ കമ്പനിയാണ്. സ്കോർപിയോൺ 3 എന്ന പേരിട്ടിരുന്നു ബൈക്കിന് ഒരാളെ വഹിച്ചുകൊണ്ട് 5 മീറ്റര്‍ വരെ ഉയരത്തില്‍ ഈ വാഹനത്തിന് പറക്കാനാകും. ഒറ്റയടിക്ക് 25 മിനിറ്റു നേരം വരെ പറക്കാന്‍ സാധിക്കും.  ബൈക്കിന്റെ പരമാവധി വേഗം 70 കിലോമീറ്റാണ്. എട്ടുമണിക്കൂർ വരെ ചാർജ് നിൽക്കുന്ന ബാറ്ററിയാണ് ബൈക്കിൽ. 150 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 300 കിലോഗ്രാം വരെ ഭാരം വഹിക്കാനാവും.

Smart Bike

കൂടാതെ പറക്കും ബൈക്കിലുള്ള എട്ട് ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തൽസമയം പൊലീസ് കൺട്രോൾ‌ റൂമിലുമെത്തും. ആപത്ത് ഘട്ടങ്ങളിൽ‌ പെെട്ടന്ന് എത്തിപ്പെടാനാണ് ദുബായ് പൊലീസ് പറക്കും ബൈക്കിന്റെ സഹായം തേടുക. അടുത്ത വര്‍ഷം ബൈക്ക് ദുബായ് പൊലീസിന്റെ ഭാഗമാകും. പറക്കും ബൈക്കിനെ കൂടാതെ സ്മാര്‍ട്ട് ബൈക്ക്, ആളില്ലാത്ത പെട്രോളിങ് കാര്‍ തുടങ്ങിയവയും ദുബായ് പോലീസ് 2017 ജികെക്‌സ് ടെക്‌നിക്കല്‍ ഷോയിൽ പ്രദര്‍ശിപ്പിച്ചു.