Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാബുകൾക്കു മുന്നിൽ ചുവടിടറി ‘മഞ്ഞ ടാക്സി’

kolkatta-taxi Kolkata Taxi

കൊൽക്കത്ത നഗരത്തിന്റെ മുഖമുദ്രയായി തിളങ്ങിയ ‘മഞ്ഞ’ ടാക്സികൾക്ക് അടിതെറ്റുന്നു. നഗരത്തിലെ പരമ്പരാഗത ടാക്സികളെ അപേക്ഷിച്ച് മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത അഗ്രിഗേറ്റർമാർക്കായി ഓടുന്ന കാറുകളുടെ എണ്ണമാണ് ഇപ്പോൾ കൂടുതൽ.

പശ്ചിമ ബംഗാൾ സർക്കാരിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ചു സംസ്ഥാന തലസ്ഥാനത്തെ ആർ ടി എകളിൽ റജിസ്റ്റർ ചെയ്തു സർവീസ് നടത്തുന്ന, മഞ്ഞ നിറമുള്ള ടാക്സികളുടെ എണ്ണം 21,830 ആണ്. അതേസമയം 23,768 കാറുകൾ തങ്ങൾക്കു വേണ്ടി സർവീസ് നടത്താൻ കൊൽക്കത്തയിൽ റജിസ്റ്റർ ചെയിട്ടുണ്ടെന്നാണ് ഓൺലൈൻ അഗ്രിഗേറ്റർമാരായ ഓലയുടെയും യൂബറിന്റെയും അവകാശവാദം. ഡ്രൈവർമാർക്കുള്ള ഇളവുകളും ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി പിൻവലിച്ചിട്ടും ഓലയ്ക്കും യൂബറിനും വേണ്ടി ഓടാൻ സന്നദ്ധരായി എത്തുന്നവരുടെ എണ്ണം ഉയരുന്നുമുണ്ടത്രെ. പോരെങ്കിൽ പുത്തൻ ഓൺലൈൻ ടാക്സി ഓപ്പറേറ്റർമാരായ മെഗയും മേരുവുമൊക്കെ കൊൽക്കത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ പരമ്പരാഗത ടാക്സിക്കാരുടെ കാര്യം കൂടുതൽ കഷ്ടത്തിലാവുന്ന ലക്ഷണമാണ്.

ഓട്ടം വിളിച്ചാൽ പോകാൻ വിസമ്മതിക്കുക, യാത്രക്കാരോടു മോശമായി പെരുമാറുക, അടിപിടി കൂടുക തുടങ്ങിയവയൊക്കെയായിരുന്നു കൊൽക്കത്തയിലെ പരമ്പരാഗത ടാക്സി ഡ്രൈവർമാരുടെ സ്ഥിരം പരിപാടികൾ. ഇത്തരം പെരുമാറ്റദൂഷ്യത്തിൽ മനം മടുത്താവണം നഗരവാസികൾ കൂട്ടത്തോടെ ഓൺലൈൻ അഗ്രിഗേറ്റർമാരുടെ സേവനം തേടിപ്പോയിട്ടുണ്ടെന്നു കൊൽക്കത്തയിലെ ടാക്സി ഓപ്പറേറ്റർമാരുടെ സംഘടനകളും അംഗീകരിക്കുന്നു.  സമയനിഷ്ഠയോടെയുള്ള സേവനം, സുഖകരവും ആസ്വാദ്യകരവുമായ യാത്ര, റൈഡ് ഷെയറിങ് പോലുള്ള സൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം യാത്രാനിരക്കിനെപ്പറ്റി തർക്കമില്ലാത്തതും ആപ്ലിക്കേഷൻ അധിഷ്ഠിത കാറുകളുടെ സ്വീകാര്യത മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഈ മേഖലയെ നിരീക്ഷിക്കുന്ന അദ്രിഷ് താക്കൂർ അഭിപ്രായപ്പെടുന്നു.

അതേസമയം ആർ ടി എയിൽ റജിസ്റ്റർ ചെയ്തവയിൽ മൂന്നിൽ രണ്ടു ടാക്സികൾ മാത്രമാണു നിലവിൽ നിരത്തിലുള്ളതെന്ന് ബംഗാൾ ടാക്സി അസോസിയേഷൻ ജനറൽ സെക്രട്ടറി ബിമൽ ഗുഹ വെളിപ്പെടുത്തുന്നു. പോരെങ്കിൽ ദിനംപ്രതിയെന്നോണം അസോസിയേഷന് അംഗങ്ങളെ നഷ്ടമാവുന്നുമുണ്ട്. കൊൽക്കത്തിൽ ടാക്സി ഓടിക്കുക കനത്ത നഷ്ടമായി മാറിയ സാഹചര്യത്തിലാണു ഡ്രൈവർമാർ ജോലി ഉപേക്ഷിക്കുന്നതെന്നും ഗുഹ വിശദീകരിക്കുന്നു. നിരക്ക് നിർണയത്തിൽ തുല്യ അവസരം നൽകാത്ത സംസ്ഥാന സർക്കാർ നയങ്ങൾ ആപ് അധിഷ്ഠിത കാബുകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അദ്ദേഹം ആരോപിക്കുന്നു.

കൊൽക്കത്ത ടാക്സിയുടെ പര്യായമായിരുന്ന ‘അംബാസഡർ’ കാറുകളുടെ ഉൽപ്പാദനം ഹിന്ദുസ്ഥാൻ മോട്ടോഴ്സ് അവസാനിപ്പിച്ചതായിരുന്നു ഈ മേഖല നേരിട്ട ആദ്യ തിരിച്ചടി. ഇതോടെ മാരുതി ‘ഓമ്നി’യും ടാറ്റ ‘ഇൻഡിഗൊ’യുമൊക്കെ മഞ്ഞ ടാക്സിയായി നിരത്തിലെത്തിയെങ്കിലും ഡ്രൈവർമാർക്ക് പ്രിയം ‘അംബാസഡർ’ തന്നെയായിരുന്നു.  പക്ഷേ ഈ കാറുകളുടെ സ്പെയർ പാർട്സ് കണ്ടെത്തലും അറ്റകുറ്റപ്പണി നടത്തലുമൊക്കെ അടുത്ത വെല്ലുവിളികളായി.