ഇലക്ട്രിക് ആകാനൊരുങ്ങി റെനോ ക്വിഡ്

ജനപ്രീതിയാർജിച്ചു മുന്നേറുന്ന ചെറു ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ വൈദ്യുത പതിപ്പ് തയാറാവുന്നുണ്ടെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. പ്രധാനമായും വൈദ്യുത മോഡലുകൾക്ക് വിപണന സാധ്യതയേറിയ ചൈനീസ് വിപണി ലക്ഷ്യമിട്ടാണ് റെനോ ബാറ്ററിയിൽ ഓടുന്ന ‘ക്വിഡ്’ തയാറാക്കുന്നത്. എന്നാൽ വൈദ്യുത ‘ക്വിഡ്’ ചൈനയിൽ മാത്രമല്ല, ഇന്ത്യയിൽ വിൽക്കാനുള്ള സാധ്യതയും പരിഗണിക്കുമെന്നാണ് റെനോ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കാർലോസ് ഘോസ്ന്റെ നിലപാട്. ചൈനയിൽ സ്വീകാര്യത കൈവരിക്കുന്ന പക്ഷം ‘ക്വിഡ് ഇ വി’ ഇന്ത്യയിലേക്കും ബ്രസീലിലേക്കും മധ്യ പൂർവ രാജ്യങ്ങളിലേക്കുമൊക്കെ കയറ്റുമതി ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് ഘോസ്ൻ വ്യക്തമാക്കി. 

ബാറ്ററിയിൽ ഓടുന്ന ‘ക്വിഡ്’ മാതൃക താൻ ഓടിച്ചു നോക്കിയതായും ഘോസ്ൻ സ്ഥിരീകരിച്ചു; കാറിന്റെ വികസനം അന്തിമ ഘട്ടത്തിലാണെന്നതിന്റെ വ്യക്തമായ സൂചനയാണിത്. വൈദ്യുത വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ചൈനയാണ് ആഗോളതലത്തിലെ ഏറ്റവും സുപ്രധാന വിപണി. ഇന്ത്യ പോലെ വില നിർണയത്തിലെ കൃത്യതയാണ് ചൈനയിലും വാഹനത്തിന്റെ ജയപരാജയങ്ങൾ നിർണയിക്കുക. വൈദ്യുത വാഹന വിഭാഗത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഉദ്യമത്തിൽ താരതമ്യേന വില കുറഞ്ഞ അടിസ്ഥാന മോഡലാണ് ‘ക്വിഡ്’ റെനോയ്ക്കു ലഭ്യമാക്കുന്നത്. പോരെങ്കിൽ ‘സിറ്റി കാർ’ വിഭാഗത്തിന് ആവശ്യമുള്ള സൗകര്യങ്ങളും സംവിധാനങ്ങളും മാത്രം ഒരുക്കി ഈ കാറിന്റെ വില പിടിച്ചു നിർത്താനും റെനോ ശ്രമിച്ചിട്ടുണ്ട്. 

ബാറ്ററിയിൽ ഓടുന്ന കാറിന് ‘ഇ ക്വിഡ്’ എന്നാവും പേരെന്നാണു സൂചന; ഒറ്റത്തവണ ചാർജ് ചെയ്താൽ 140 കിലോമീറ്റർ ഓടാനും ലിതിയം അയോൺ ബാറ്ററി പായ്ക്ക് ഊർജമേകുന്ന ഈ മോഡലിനു പ്രാപ്തിയുണ്ടാവും. നഗരങ്ങളിലെ ഉടമകളുടെ പ്രതിദിന കാർ ഉപയോഗം ഈ പരിധിയിലൊതുങ്ങുമെന്നാണു റെനോയുടെ കണക്കുകൂട്ടൽ. വൈദ്യുത മോട്ടോറിനു ശേഷി കുറവാകുമെന്നതിനാൽ തകർപ്പൻ പ്രകടനമൊന്നും ‘ഇ ക്വിഡി’ൽ നിന്നു പ്രതീക്ഷിക്കാനില്ല. രാജ്യത്ത് ലിതിയത്തിന്റെ വിപുല ശേഖരമുണ്ടെന്നതാണു ചൈനയുടെ പ്രധാന നേട്ടങ്ങളിലൊന്ന്. കൂടാതെ ബാറ്ററി നിർമാണത്തിന് ആവശ്യമായ ലിതിയവും കൊബാൾട്ടും വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള കരാറും ചൈന ഒപ്പുവച്ചിട്ടുണ്ട്. ഇതോടെ തികച്ചും മത്സരക്ഷമമായ വിലകളിൽ ബാറ്ററികൾ നിർമിക്കാൻ ചൈനയ്ക്ക് സാധിക്കും. 

ഇത്തരം അനുകൂല സാഹചര്യങ്ങളൊന്നുമില്ലാത്ത പശ്ചാത്തലത്തിൽ ‘ഇ ക്വിഡ്’ ഇന്ത്യയിലെത്താൻ ന്യായമായും കാലതാമസമുണ്ടാവും. ബാറ്ററി ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം വിപുലമാവും വരെ റെനോ ‘ഇ ക്വിഡി’നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാൻ സാധ്യതയില്ല.