ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌യുവി ദുബായ് പൊലീസിന്, വില 5 കോടി രൂപ!

Bentley Bentayga

ആഡംബരകാറുകളുടേയും സൂപ്പർകാറുകളുടേയും നീണ്ട നിര തന്നെയുണ്ട് ദുബായ് പൊലീസിന്. ലോകത്തിലെ ഏറ്റവും പ്രശസ്ത അത്യാഡംബരം കാറുകളാൽ നിറഞ്ഞ ദുബായ് പൊലീസിന്റെ ഗ്യാരേജിലേയ്ക്ക് പുതിയൊരു അതിഥി കൂടി. ബ്രിട്ടിഷ് ലക്ഷ്വറി കാർ നിർമാതാക്കളായ ബെന്റ്ലിയുടെ എസ്‌യുവി ബെന്റെയ്ഗയാണ് പൊലീസ് സ്വന്തമാക്കിയത്. 

Bentley Bentayga

അത്യാഡംബര വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ ബെന്റ്ലിയുടെ ആദ്യ എസ്‍‌യുവിയാണ് ബെന്റെയ്ഗ. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്‌‍യുവി.  കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ കാറിന്റെ ആദ്യ ഉടമ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയിയിരുന്നു. 6 ലീറ്റർ 12 സിലിണ്ടർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 5000 ആർപിഎമ്മിൽ 600 ബിഎച്ച്പി കരുത്തും 1350 ആർപിഎമ്മിൽ 900 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4.1 സെക്കൻഡ് മാത്രം വേണ്ടിവരുന്ന എസ്‌ യു വിയുടെ പരമാവധി വേഗം 310 കി.മീയാണ്. 

Bentley Bentayga

കഴിഞ്ഞ ദിവസമാണ് ദുബായ് പൊലീസ് ജനറൽ ഹെഡ്ക്വാട്ടേഴ്സിൽ വച്ച് പുതിയ കാർ കൈമാറിയത്. ഗതാഗത സുരക്ഷയ്ക്കും ജനങ്ങളുടെ അടുത്തേക്ക് പ്രത്യേകിച്ച് യുവാക്കളുടെ അടുത്തേക്ക് പെട്ടെന്ന് എത്തുന്നതിനും പുതിയ വാഹനം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ബുർജ് ഖലീഫയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഈ കാർ വിന്യസിക്കുക.  ഏകദേശം നാലു കോടി രൂപ മുതൽ 5 കോടി രൂപ വരെയാണ് ബെന്റെയ്ഗയുടെ ഇന്ത്യൻ വില.