മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കും ടാറ്റ മോട്ടോഴ്സിനുമൊക്കെ വെല്ലുവിളി ഉയർത്താൻ ചെറു ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ വൈദ്യുത പതിപ്പ് അവതരിപ്പിക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഒരുങ്ങുന്നു. ചൈനയിലാവും ബാറ്ററിയിൽ ഓടുന്ന ‘ക്വിഡ്’ അരങ്ങേറ്റം കുറിക്കുക; പിന്നാലെ ഈ കാർ ഇന്ത്യയിലും വിൽപ്പനയ്ക്കെത്തും. ഈ കാറിന്റെ റോഡ് ക്ഷമത, റേഞ്ച് ദീർഘിപ്പിക്കൽ പരീക്ഷണങ്ങൾ ഇന്ത്യയിലാണു നടക്കുന്നതെന്നാണു സൂചന.
വൈദ്യുത ‘ക്വിഡ്’ വികസനത്തിൽ നല്ലൊരു ഭാഗം ഇന്ത്യയിലാണു പൂർത്തിയായത്. കേന്ദ്ര സർക്കാർ വൈദ്യുത വാഹന നയം പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഈ കാറിന്റെ ഇന്ത്യൻ അവതരണം സംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണു സൂചന. റെനോയുടെ ആഗോള ശ്രേണിയിലെ മറ്റ് വൈദ്യുത വാഹനങ്ങളുടെ ഇന്ത്യൻ അവതരണവും രാജ്യത്തെ വൈദ്യുത വാഹന നയത്തെ ആശ്രയിച്ചിരിക്കും.
ബാറ്ററിയിൽ ഓടുന്ന ‘ക്വിഡ്’ചൈനയിൽ അവതരിപ്പിക്കുന്നത് റെനോയെ സംബന്ധിച്ചിടത്തോളം വമ്പൻ നേട്ടമാവുമെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ വികസനവും രൂപകൽപ്പനയും നിർവഹിച്ച കാർ ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയിൽ വൈദ്യുത പവർട്രെയ്നോടെ വിൽപ്പനയ്ക്കെത്തിക്കുകയെന്ന അപൂർവ നേട്ടമാവും ഇതോടെ റെനോ സ്വന്തമാക്കുക.
അടുത്ത അഞ്ചു വർഷ(2017 — 2022) കാലത്തെ ഇടക്കാല വികസന പദ്ധതിയായ ‘ഡ്രൈവ് ദ് ഫ്യൂച്ചർ’ പ്രകാരം ഇന്ത്യയിൽ ഒരു വൈദ്യുത വാഹനം വിൽപ്പനയ്ക്കെത്തിക്കാൻ റെനോ ലക്ഷ്യമിടുന്നുണ്ട്. ഈ കാലയളവിനിടെ ആഗോള മോഡൽ ശ്രേണിയിൽ 60% വൈദ്യുതവൽക്കരിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. ഈ കാലയളവിനിടെ പൂർണമായും വൈദ്യുതിയിൽ ഓടുന്ന എട്ടു മോഡലുകളും സഖ്യകമ്പനികളുമായി സഹകരിച്ച് 12 വൈദ്യുതീകരിച്ച മോഡലുകളും വിൽപ്പനയ്ക്കെത്തിക്കാനും റെനോയ്ക്കു പദ്ധതിയുണ്ട്.
രണ്ടു വർഷത്തിനകം ഇന്ത്യയിൽ ബാറ്ററിയിൽ ഓടുന്ന ചെറുകാർ വിൽപ്പനയ്ക്കെത്തിക്കാൻ ഒരുങ്ങുന്ന രണ്ടാമത്തെ കമ്പനിയാണു റെനോ. ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയും ടൊയോട്ടയും ചേർന്ന് ഇതു പോലുള്ള വൈദ്യുത കാർ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടൊയോട്ട — സുസുക്കി സഖ്യം വികസിപ്പിക്കുന്ന ആദ്യ ചെറുകാറാവും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിൽപ്പനയ്ക്കെത്തിക്കുക. കാറിന്റെ വിൽപ്പനാന്തര സേവനം ഏറ്റെടുക്കുന്നതിനൊപ്പം രാജ്യവ്യാപകമായി ചാർജിങ് കേന്ദ്രം സ്ഥാപിക്കാനും മാരുതി സുസുക്കിക്കു പദ്ധതിയുണ്ട്.