ഇന്ത്യയിൽ തന്നെ പൂർണ്ണമായും വികസിപ്പ് നിർമിച്ച ആദ്യ എസ് യു വി പുറത്തിറക്കുന്നത് ടാറ്റ മോട്ടോഴ്സാണ്. ടാറ്റ സഫാരിയെന്ന ആ കരുത്തൻ രാജ്യത്തെ എസ് യു വി വിപണി തന്നെ മാറ്റി മറിച്ചു. ടാറ്റ മോട്ടോഴ്സ് വീണ്ടും ഒരു എസ് യു വിയുമായി എത്തുകയാണ്. വിപണിയെ അടിമുടി മാറ്റുക തന്നെയാണ് ഇത്തവണത്തെ ഉദ്ദേശവും.
കഴിഞ്ഞ ദിവസം അവസാനിച്ച പതിനാലാമത് ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച എച്ച്5എക്സ് എസ്‌യുവിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നു.ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവറിന്റെ സഹായത്തോടെ ഡിസൈൻ ചെയ്ത വാഹനത്തിൽ ഡിസ്കവറി സ്പോർട് നിർമിക്കാൻ ഉപയോഗിക്കുന്ന എൽ8 പ്ലാറ്റ്ഫോം തന്നെയാണ് ഉപയോഗിക്കുന്നത്. ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ ഫിലോസഫിയിലാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ.
കൂടാതെ ഓപ്റ്റിമൽ മോഡുലാർ എഫിഷന്റ് ഗ്ലോബൽ അഡ്വാൻസിഡ് ആർകിടെക്ച്ചർ പ്രകാരം ടാറ്റ നിർമിക്കുന്ന ആദ്യ വാഹനവും എച്ച്5എക്സ് തന്നെയാകും. 4575 എംഎം നീളവും 1960 എംഎം വീതിയും 1686 എംഎം പൊക്കവും 2740 എംഎം വീൽബെയ്സുമുണ്ട് എച്ച്5എക്സിന്.
ഡിസൈനിൽ മാത്രമല്ല ഫീച്ചറുകളിലും പെർഫോമൻസിലും കാര്യക്ഷമതയിലും എച്ച്5എക്സ് പുതിയ മാനങ്ങൾ തീര്‍ക്കും എന്നാണ് ടാറ്റയുടെ അവകാശവാദം. ജീപ്പ് കോംപസിൽ ഉപയോഗിക്കുന്ന ഫിയറ്റിന്റെ 2.0 ലീറ്റർ ഡീസൽ മൾട്ടി ജെറ്റ് എൻജിനാകും പുതിയ എസ്‍യുവിയിൽ ഉപയോഗിക്കുക. 140 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കുമുണ്ട് 2 ലീറ്റർ എൻജിന്. 6 സ്പീഡ് മാനുവൽ 9 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകളാണ് കാറിൽ ഉപയോഗിക്കുന്നത്.
അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടിൽ വിപണിയിലെത്തുന്ന എസ്‌യുവിയുടെ അഞ്ചു സീറ്റ് മോഡൽ ക്രേറ്റ, ജീപ്പ് കോംപസ് എന്നിവരുമായി മത്സരിക്കുമ്പോൾ ഏഴു സീറ്റ് മോഡൽ ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.