2.54 ലക്ഷം രൂപ വിലക്കുറവിൽ ഹോണ്ട സൂപ്പർബൈക്കുകള്‍

Honda Fireblade

സൂപ്പർ ബൈക്കുകളായ ‘സി ബി ആർ 1000 ആർ ആറി’നും ‘സി ബി ആർ 1000 ആർ ആർ എസ് പി’ക്കും ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട വില കുറച്ചു. ‘ഫയർബ്ലേഡി’ന്റെ അടിസ്ഥാന വകഭേദത്തിന് 2.01 ലക്ഷം രൂപയാണു വില കുറഞ്ഞത്; മുമ്പ് ഡൽഹി ഷോറൂമിൽ 16.79 ലക്ഷം രൂപ വിലമതിച്ചിരുന്ന ബൈക്ക് ഇപ്പോൾ 14.78 ലക്ഷം രൂപയ്ക്കു ലഭിക്കും. അതേസമയം ‘സി ബി ആർ 1000 ആർ ആർ എസ് പി’യുടെ വിലയാവട്ടെ 21.22 ലക്ഷം രൂപയിൽ നിന്ന് 18.68 ലക്ഷം രൂപയായി കുറഞ്ഞു; 2.54 ലക്ഷം രൂപയുടെ ഇളവ്. പൂർണമായും വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ഇരുചക്രവാഹനങ്ങൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയിൽ 25% ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഹോണ്ട ഇരു ബൈക്കുകളുടെയും ഇന്ത്യയിലെ വില കുറച്ചത്.  ഇതോടെ സൂപ്പർസ്പോർട് വിഭാഗത്തിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ലീറ്റർ ക്ലാസ് ബൈക്കുമായി ‘ഫയർബ്ലേഡ്’.

‘ഫയർബ്ലേഡ്’ ശ്രേണിയിലെ ബൈക്കുകളുടെ പുതുതലമുറ 2017ലാണ് ഹോണ്ട ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചത്. ‘സി ബി ആർ 1000’ മോട്ടോർ സൈക്കിളുകൾ നിരത്തിലെത്തിയതിന്റെ 25—ാം വാർഷികാഘോഷം കൂടിയായിരുന്നു ഇത്.‘സി ബി ആർ 1000 ആർ ആർ’ ശ്രേണിക്കു കരുത്തേകുന്നത് 999 സി സി, ഇൻ ലൈൻ ഫോർ എൻജിനാണ്; 13,000 ആർ പി എമ്മിൽ 191.6 ബി എച്ച് പി കരുത്തും 11,000 ആർ പി എമ്മിൽ 114 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. പുതുതലമുറ ബൈക്കിൽ സമഗ്രമായി അഴിച്ചുപണി വരുത്തി വാഹനഭാരം 16 കിലോഗ്രാം കുറയ്ക്കാനും കഴിഞ്ഞെന്നാണു ഹോണ്ടയുടെ അവകാശവാദം. ഭാരം കുറയുകയും കരുത്ത് ഉയരുകയും ചെയ്തതോടെ പുതിയ മോഡലിൽ കരുത്തും ഭാരവുമായുള്ള അനുപാതത്തിൽ 14% വർധന കൈവരിക്കാനും ഹോണ്ടയ്ക്കായി.

ജൈറൊസ്കോപിക് എ ബി എസ് സംവിധാനം, റൈഡ് ബൈ വയർ, ഒൻപതു ലവൽ ട്രാക്ഷൻ കൺട്രോൾ, തിരഞ്ഞെടുക്കാവുന്ന എൻജിൻ ബ്രേക്കിങ്, ഇലക്ട്രോണിക് സ്റ്റീയറിങ് ഡാംപർ, പവർ സെലക്ടർ തുടങ്ങി സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെയാണു ‘ഫയർബ്ലേഡി’ന്റെ വരവ്. ‘എസ് പി’യിലാവട്ടെ മുന്നിലും പിന്നിലും സെമി ആക്ടീവ് ഒലിൻസ് ഇലക്ട്രോണിക് കൺട്രോൾ സസ്പെൻഷൻ, ക്വിക് ഷിഫ്റ്റർ, ഡൗൺ ഷിഫ്റ്റ് അസിസ്റ്റ് തുടങ്ങിയവയുമുണ്ട്. ഇരു മോഡലുകളിലും കോക്പിറ്റിൽ ഫുൾ കളർ ടി എഫ് ടി സ്ക്രീനുണ്ട്.