റെനോ — നിസ്സാൻ ലയനം ഇക്കൊല്ലമോ അടുത്തകൊല്ലമോ യാഥാർഥമാവില്ലെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കാർലോസ് ഘോസ്ൻ. കാർ നിർമാണ മേഖലയിലെ രാജ്യാന്തര സഖ്യത്തിന്റെ ഉടമസ്ഥാവകാശ ഘടന സംബന്ധിച്ച് ഫ്രഞ്ച് നിർമാതാക്കളായ റെനോയും ജപ്പാനിൽ നിന്നുള്ള നിസ്സാനും നിരന്തര അവലോകനം നടത്തുന്നുണ്ടെന്നും ഘോസ്ൻ വെളിപ്പെടുത്തി. എന്നാൽ ഇരുകമ്പനികളും ലയിച്ച് ഒറ്റ ഓഹരിയായി 2020നു മുമ്പ് വിപണിയിലെത്താൻ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ റെനോയ്ക്കും നിസ്സാനും പുറമെ ജപ്പാനിൽ നിന്നു തന്നെയുള്ള നിർമാതാക്കളായ മിറ്റ്സുബിഷി കൂടി ഉൾപ്പെട്ട സഖ്യം ശക്തമാക്കാനുള്ള നടപടികളാണു പങ്കാളികൾ ചർച്ച ചെയ്യുന്നത്. ഒപ്പം നേതൃനിരയിൽ നിന്നു താൻ ഒഴിവാകുമ്പോഴുള്ള വെല്ലുവിളികൾ നേരിടുന്നതു സംബന്ധിച്ച ചർച്ചകളും നടക്കുന്നുണ്ടെന്നു ഘോസ്ൻ സ്ഥിരീകരിച്ചു. നിലവിൽ മിറ്റ്സുബിഷിയെ നിയന്ത്രിക്കുന്ന നിസ്സാൻ മോട്ടോർ കമ്പനിയുടെ 43.3% ഓഹരികളാണു റെനോയുടെ പക്കലുള്ളത്.
കമ്പനികളെല്ലാം പരസ്പര ധാരണയോടും തികഞ്ഞ സഹകരണത്തോടെയുമാണു പ്രവർത്തിക്കുന്നതെങ്കിലും 2018ലോ 2019ലോ പൂർണതോതിലുള്ള ലയനം സാധ്യമാവുമെന്നു തോന്നുന്നില്ലെന്നും ഘോസൻ അറിയിച്ചു. റെനോയും നിസ്സാനുമായുള്ള സഹകരണം കൂടുതൽ ആഴത്തിലെത്തിക്കാനുള്ള മാർഗങ്ങൾ ഇരു കമ്പനികളും തേടുന്നതായുള്ള വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.