ടെസ്‌ലയെ നേരിടാൻ പോർഷെ ടൈകാൻ

പോർഷെ ടൈകാൻ

സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയുടെ ആദ്യ വൈദ്യുത കാറിന് ‘ടൈകാൻ’ എന്ന പേര് തിരഞ്ഞെടുത്തു. ടെസ്ലയുടെ ‘മോഡൽ എസു’മായി മത്സരിക്കാൻ ലക്ഷ്യമിടുന്ന ‘ടൈകാൻ’ അടുത്ത വർഷത്തോടെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണു പ്രതീക്ഷ.

പോർഷെയുടെ സപ്തതി ആഘോഷ വേദിയിലാണു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ ഓലിവർ ബ്ലൂം വൈദ്യുത കാറിന്റെ പേരു പ്രഖ്യാപിച്ചത്. ഇതുവരെ ‘മിഷൻ ഇ’ എന്ന വിളിപ്പേരിലാണു നാലു സീറ്റുള്ള വൈദ്യുത സ്പോർട്സ് കാറിന്റെ വികസന പരിപാടി പുരോഗമിച്ചിരുന്നത്. പോർഷെയുടെ ചിഹ്നമായ, കുതിച്ചു ചാടാനൊരുങ്ങുന്ന കുതിരയിൽ നിന്നു പ്രചോദിതമാണ് ‘ടൈകാൻ’ എന്ന പേര്; ചുറുചുറുക്കുള്ള കുട്ടിക്കുതിര എന്നാണ്  ഈ പേരിന് അർഥമെന്നും പോർഷെ വിശദീകരിക്കുന്നു.

അടുത്ത നാലു വർഷത്തിനിടെ സങ്കര ഇന്ധന, വൈദ്യുത വാഹന വികസനത്തിനുള്ള നിക്ഷേപം ഇരട്ടിയായി ഉയർത്തുമെന്നും പോർഷെ പ്രഖ്യാപിച്ചിട്ടുണ്ട്; 2022നകം ഈ രംഗത്ത് 706 കോടി ഡോളർ(ഏകദേശം 47,677 കോടി രൂപ) മുതൽമുടക്കാനാണു കമ്പനിയുടെ തീരുമാനം. രണ്ടു വർഷം മുമ്പ് യു എസിൽ ‘ഡീസൽഗേറ്റ്’ വിവാദത്തിൽ കുടങ്ങിയതോടെയാണു പോർഷെയുടെ മാതൃസ്ഥാപനമായ ഫോക്സ്വാഗൻ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിൽ ശ്രദ്ധയൂന്നാൻ തീരുമാനിച്ചത്. ഈ നിലപാട് പിന്തുടർന്ന് 2025 ആകുന്നതോടെ ആഗോള വിൽപ്പനയിൽ നാലിലൊന്നെങ്കിലും വൈദ്യുത വാഹനങ്ങളിൽ നിന്നാക്കാൻ പോർഷെയും തയാറെടുക്കുകയാണ്.

കരുത്തുറ്റ എൻജിനും (600 ബി എച്ച് പിയോളം) കാര്യക്ഷമതയേറിയ ബാറ്ററിയുമൊക്കെയായി അരങ്ങു വാഴാനാണു ‘ടൈകാനി’ലൂടെ പോർഷെയുടെ ശ്രമം. വെറും മൂന്നര സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ‘ടൈകാനു’ കഴിയുമെന്നാണു പോർഷെയുടെ അവകാശവാദം. വെറും 12 സെക്കൻഡിൽ കാർ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം കൈവരിക്കുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. ഒപ്പം 800 വോൾട്ട് സ്രോതസിൽ നിന്ന് അതിവേഗം ചാർജ് ചെയ്താൽ 500 കിലോമീറ്ററോളം പിന്നിടാൻ കാറിനു കഴിയുമെന്നും പോർഷെ വ്യക്തമാക്കുന്നു.

ഫ്രാങ്ക്ഫുർട്ടിൽ 2015ൽ നടന്ന രാജ്യാന്തര വാഹന പ്രർശനത്തിലായിരുന്നു പോർഷെ ‘മിഷൻ ഇ’ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. ‘പാനമീറ’, ‘911’ എന്നിവയ്ക്കിടയിൽ ഇടം പിടിക്കുന്ന ‘ടൈകാൻ’ അടുത്ത വർഷം അവസാനത്തോടെ പോർഷെ രാജ്യാന്തര വിപണികളിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന. കാറിന്റെ വില സംബന്ധിച്ചു വ്യക്തതയില്ലെങ്കിലും എൻട്രി ലവൽ മോഡലായ ‘പാനമീറ’യ്ക്കു സമാനമായ നിലവാരത്തിൽ ‘ടൈകാൻ’ വിപണിയിലിറക്കുമെന്നാണു ബ്ലൂമിന്റെ വാഗ്ദാനം. ‘പാനമീറ’യുടെ വില 85,000 ഡോളർ(ഏകദേശം  57.40 ലക്ഷം രൂപ) ആണ്.