ലോകത്തിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് ബോട്ട് എന്ന റെക്കോർഡ് ഇനി ജാഗ്വറിന് സ്വന്തം. മണിക്കൂറിൽ 88.61 മൈൽ (ഏകദേശം 142 കി.മീ) വേഗത്തിലോടിയാണ് ജാഗ്വർ വെക്റ്റർ റേസിങ്ങിന്റെ വി20ഇ ലോക മാരിടൈം റെക്കോർഡ് തകർത്തത്. മണിക്കൂറിൽ 76.8 മൈൽ വേഗം എന്ന പത്തുവർഷം പഴയ റെക്കോർഡാണ് ജാഗ്വർ പഴങ്കഥയാക്കിയത്.
ജാഗ്വർ വെക്റ്ററിന്റെ സ്ഥാപകൻ പീറ്റർ ഡ്രിഡ്ജാണ് റെക്കോർഡിട്ട ബോട്ട് ഓടിച്ചത്. വെക്റ്ററും വില്യം അഡ്വാൻസിഡ് എൻജിനിയറിങ്ങും സംയുക്തമായാണ് ബോട്ട് വികസിപ്പിച്ചത്. എന്നാൽ ബോട്ടിലെ ഇലക്ട്രിക് മോട്ടറുകളെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ജാഗ്വർ ഫോർമുല ഇ മത്സരങ്ങളിലെ കാറുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള എൻജിനാണ് ബോട്ടിലും എന്നാണ് കരുതുന്നത്.