ഇന്ത്യയിൽ നിന്നു വാഹന കയറ്റുമതി തുടങ്ങാൻ ജാപ്പനീസ് നിർമാതാക്കളായ ഇസൂസു ഒരുങ്ങുന്നു. ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിലെ പുതിയ ശാലയിൽ നിർമിച്ച വാഹനങ്ങൾ വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്താനാണ് ഇസൂസു മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയാറെടുക്കുന്നത്. രണ്ട് ഷിഫ്റ്റ് പ്രവർത്തിച്ചാൽ പ്രതിവർഷം അര ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ ശേഷി; എന്നാൽ 5,000 യൂണിറ്റ് മാത്രമായിരുന്നു കഴിഞ്ഞ വർഷം ഇസൂസുവിന്റെ ആഭ്യന്തര വിൽപ്പന.
ഇക്കൊല്ലവും ആഭ്യന്തര വിൽപ്പന 8,000 യൂണിറ്റിലേറെയാവില്ലെന്ന് ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ കെൻ തകാഷിമ കരുതുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി സാധ്യത കമ്പനി പരിശോധിക്കുന്നത്. കയറ്റുമതിയുടെ നടപടികൾ പ്രാഥമിക ഘട്ടത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രധാനമായും റൈറ്റ് ഹാൻഡ് ഡ്രൈവ് വാഹനങ്ങളാണ് ഉൽപ്പാദിപ്പിക്കുന്നത് എന്നതിനാൽ ഇന്ത്യയിൽ നിന്നു പരിമിത കയറ്റുമതി സാധ്യത മാത്രമാണ് ഇസൂസു കാണുന്നത്. നിലവിൽ പിക് അപ്പായ ‘ഡി മാക്സ്’, സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എം യു — എക്സ്’ എന്നിവയാണ് ഇസൂസു ഇന്ത്യയിൽ നിർമിച്ചു വിൽക്കുന്നത്. ഇതിൽ ‘ഡി മാക്സ്’ കയറ്റുമതി ചെയ്യാനുള്ള സാധ്യതയാണ് ഇസൂസു പരിഗണിക്കുന്നതെന്നാണു സൂചന. ഇന്ത്യൻ വിപണിയിൽ പിക് അപ്പുകളോടുള്ള താൽപര്യമേറുകയാണെന്നും ഇസൂസു വിലയിരുത്തുന്നു. ഒരു ടൺ ശേഷിയുള്ള ചെറു പിക് അപ്പുകളിൽ നിന്ന് മൂന്നര ടൺ പിക് അപ്പുകളിലേക്കാണ് ഇന്ത്യ പുരോഗമിക്കുന്നതെന്നും തകാഷിമ കരുതുന്നു.
ഇതോടൊപ്പം വാഹനങ്ങളുടെ എൻജിൻ ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികളും പുരോഗതിയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2020 ഏപ്രിലിലാണ് ഇന്ത്യയിൽ മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നിലവിൽ വരിക. ജപ്പാനിൽ കമ്പനി ആസ്ഥാനത്ത് ഇതുസംബന്ധിച്ച വികസനപ്രവർത്തനങ്ങൾ പുരോഗതിയിലാണെന്ന് തകാഷിമ അറിയിച്ചു. കൂടാതെ ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വൈദ്യുത പതിപ്പുകളുടെ വികസനവും മുന്നേറുന്നുണ്ട്.