ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാനും മിറ്റ്സുബിഷിയും ഫ്രാൻസിലെ റെനോയുമായി ലയിക്കാനുള്ള സാധ്യത മങ്ങുന്നു. സ്വയം ഭരണാവകാശം നിലനിർത്തി തന്നെ പരസ്പര സഹകരണം കൂടുതൽ ശക്തമാക്കാനുള്ള നടപടികളാണു പങ്കാളികളായ നിസ്സാനും റെനോയും മിറ്റ്സുബിഷിയും തേടുന്നത്. നിസ്സാനും മിറ്റ്സുബിഷിയും റെനോയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങളാവാനുള്ള സാധ്യതയില്ലെന്ന് ഈ സഖ്യത്തിന്റെ ചെയർമാനായ കാർലോസ് ഘോസ്ൻ തന്നെയാണു വ്യക്തമാക്കുന്നത്. ഇത്തരമൊരു നീക്കം കാര്യമായ ഗുണം ചെയ്യില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.
സഖ്യത്തിലെ പങ്കാളികൾ സാങ്കേതികവിദ്യയും വിഭവങ്ങളും മാനവവിഭവ ശേഷിയുമൊക്കെ പങ്കിട്ട് പുതുതലമുറ വാഹനങ്ങളെക്കുറിച്ചുള്ള ഗവേഷണം ഊർജിതമാക്കുമെന്നു കഴിഞ്ഞ മാർച്ചിൽ ഘോസ്ൻ പ്രഖ്യാപിച്ചിരുന്നു. ഒപ്പം സ്വയം ഓടുന്ന കാറുകൾ, കാർ ഷെയറിങ് സേവന മേഖലകളിൽ സജീവ സാന്നിധ്യമാവാനുള്ള പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. 2022 ആകുമ്പോഴേക്ക് സഹകരിച്ചുള്ള പ്രവർത്തനത്തിലൂടെ 1000 കോടി യൂറോ(ഏകദേശം 79,914 കോടി രൂപ)യുടെ ലാഭമാണു ഘോസ്ൻ പ്രതീക്ഷിക്കുന്നത്.
ഗവേഷണ, വികസനം, പാർട്സ് വാങ്ങൽ, ഉൽപ്പാദനം തുടങ്ങിയ മേഖലകളിലാണു റെനോ — നിസ്സാൻ — മിറ്റ്സുബിഷി സഖ്യത്തിന്റെ സഹകരണം. ഫോക്സ്വാഗൻ എ ജിയും ടൊയോട്ട മോട്ടോർ കോർപറേഷനും പോലുള്ള വമ്പൻ എതിരാളികളെ ലോക വിപണികളിൽ ഫലപ്രദമായി നേരിടാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ഫ്രഞ്ച് — ജാപ്പനീസ് വാഹന നിർമാണ സഖ്യം. നടപടിക്രമങ്ങളിലെ ആവർത്തനം ഒഴിവാക്കി കൂടുതൽ കാറുകൾ വിൽക്കാനും ലാഭക്ഷമത ഉയർത്താനുമാണു സഖ്യം ഊന്നൽ നൽകുന്നതെന്ന് ഘോസ്ൻ വിശദീകരിക്കുന്നു. അതേസമയം പങ്കാളികളുടെ സ്വയംഭരണാവകാശവും പ്രവർത്തന സ്വാതന്ത്യ്രവും നിലനിർത്തുക വഴി ഈ കൂട്ടായ്മ ടൊയോട്ടയിൽ നിന്നും ഫോക്സ്വാഗനിൽ നിന്നും വ്യത്യസ്തമാണെന്നും അദ്ദേഹം വാദിക്കുന്നു.