രാജ്യത്തെ ഏറ്റവും വലിയ ഓഫ് റോഡ് മത്സരം റെയിൻ ഫോസ്റ്റിനെ സ്പോൺസർ ചെയ്യാൻ ഇസൂസു ഇന്ത്യ. ജൂലൈ 21 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന അഞ്ചാമത് റെയിൻ ഫോസ്റ്റ് ചലഞ്ചുമായാണ് ഇസൂസു കൈകോർത്തത്. ലോകത്തിലെ ഏറ്റവും ദുർഘടം പിടിച്ച റെയിൻ ഫോറസ്റ്റ് മലേഷ്യയുടെ ഇന്ത്യൻ ചാപ്റ്ററാണ് ആർഎഫ്സി ഇന്ത്യ.
ഏകദേശം 41 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തിന് 26 സ്റ്റേജുകളാണുള്ളത്. മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് 10,000 ഡോളറും (ഏകദേശം 688,046 രൂപ) പാരിതോഷികവും ആർഎഫ്സി മലേഷ്യയിലെ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. 2014 ലാണ് ഡൽഹി ആസ്ഥാനമായുള്ള കൂർഗ് മോട്ടോർ സ്പോർട്സ് ആർഎഫ്സിയുടെ ഇന്ത്യ ചാപ്റ്റർ ആരംഭിക്കുന്നത്. തുടർന്നിങ്ങോട്ടുള്ള വർഷങ്ങളിൽ തുടർച്ചയായി സംഘടിപ്പിക്കപ്പെട്ട മത്സരം ആർഎഫ്സിയുടെ ഏറ്റവും കഠിനമായ ചാപ്റ്ററുകളിലൊന്നാണ്.
ലോകത്തെ ഏറ്റവും കഠിനമായ റാലികളിലേയും ഓഫ് റോഡ് മത്സരങ്ങളിലേയും സ്ഥിരം സാന്നിധ്യമാണ് ഇസൂസു. ഇന്ത്യയിലേയും ഏറ്റവും പ്രധാനപ്പെട്ട ഓഫ് റോഡ് ഇവന്റുമായി സഹകരിക്കാൻ സാധിക്കുന്നത് വലിയ കാര്യമാണെന്നാണ് ഇസൂസു അറിയിക്കുന്നത്.