സർക്കാർ ജീവനക്കാർക്ക് പ്രത്യേക ഓഫറിൽ യാരിസ്

Yaris

കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക പാക്കേജായ ‘ഡ്രൈവ് ദ് നേഷനി’ൽ പുത്തൻ അവതരണമായ ‘യാരിസി’നെയും ടൊയോട്ട മോട്ടോർ കോർപറേഷൻ (ടി കെ എം) ഉൾപ്പെടുത്തി. പ്രതിരോധ സേനകളിലെ അംഗങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. നിലവിലുള്ള പ്രധാന മോഡലുകളായ ‘ഇന്നോവ ക്രിസ്റ്റ’, ‘എത്തിയോസ്’, ‘കൊറോള ഓൾട്ടിസ്’ എന്നിവയൊക്കെ ‘ഡ്രൈവ് ദ് നേഷൻ’ പദ്ധതി പ്രകാരം ലഭ്യമാണ്.

ഈ വിഭാഗത്തിൽ പുതുമകളായ 11 സൗകര്യങ്ങളും സംവിധാനങ്ങളുമായി കഴിഞ്ഞ മേയിലാണ് ‘യാരിസ്’ ഇന്ത്യയിലെത്തിയത്. പവേഡ് ഡ്രൈവർ സീറ്റ്, ഏഴ് എസ് ആർ എസ് എയർബാഗ്, മേൽക്കൂരയിൽ ഘടിപ്പിച്ച എയർ വെന്റ്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, മുൻ പാർക്കിങ് സെൻസർ, എല്ലാ വകഭേദത്തിലും സി വി ടി ട്രാൻസ്മിഷൻ തുടങ്ങിയവയായിരുന്നു ‘യാരിസി’ലെ പരിഷ്കാരങ്ങൾ.

ടി കെ എമ്മിന്റെ വ്യക്തിഗത വിഭാഗം വിൽപ്പനയിൽ 13% ആയിരുന്നു ‘ഡ്രൈവ് ദ് നേഷൻ’ പ്രചാരണ പരിപാടിയുടെ സംഭാവനയെന്നാണു കമ്പനിയുടെ കണക്ക്. ഈ പ്രതികരണം മുൻനിർത്തിയാണു കൂടുതൽ വിഭാഗങ്ങളെയും മോഡലുകളെയും 2016ൽ ആരംഭിച്ച പദ്ധതിയിൽപെടുത്താൻ ടി കെ എം സന്നദ്ധമായത്. ആകർഷക നിരക്കിലുള്ള വാഹന വായ്പയ്ക്കൊപ്പം ടൊയോട്ട പ്രൊട്ടക്ട് ഇൻഷുറൻസിലും ടൊയോട്ട ജനുവിൻ അക്സസറികളിലുമൊക്കെ ആകർഷക ഇളവുകളും സമാനതകളില്ലാത്ത എക്സ്റ്റൻഡഡ് വാറന്റിയുമൊക്കെ ‘ഡ്രൈവ് ദ് നേഷൻ’ പ്രകാരം ടി കെ എം ലഭ്യമാക്കുന്നുണ്ട്. 

സർവീസിലുള്ളവരും വിരമിച്ചവരുമായ സർക്കാർ ജീവനക്കാർക്കും സൈനികർക്കും എട്ടു വർഷ കാലാവധിയോടെ ഓൺ റോഡ് വില പൂർണമായി തന്നെ വായ്പയായി ലഭ്യമാക്കുമെന്നതാണ് ‘ഡ്രൈവ് ദ് നേഷ’ന്റെ സവിശേഷത. പ്രതിമാസത്തവണ(ഇ എം ഐ) കുറവാണെന്നതിനു പുറമെ ഡൗൺ പെയ്മെന്റും ഇല്ലെന്നതാണ് ഈ പദ്ധതിയുടെ നേട്ടം. ‘ഡ്രൈവ് ദ് നേഷൻ’ പദ്ധതിയിൽപെടുന്നവർക്കു മികച്ച സേവനം ലഭ്യമാക്കാൻ ‘ഡ്രൈവ് ദ് നേഷൻ ചാംപ്യൻ’മാരെയും ടൊയോട്ട ഡീലർഷിപ്പുകളിൽ നിയോഗിച്ചിട്ടുണ്ട്.