ചെറുകിട, ഇടത്തരം പട്ടണങ്ങളിൽ പിക് അപ് ട്രക്കുകളോടുള്ള ആഭിമുഖ്യമേറിയ സാഹചര്യത്തിൽ ഇന്ത്യയിൽ ഇക്കൊല്ലം 60% വിൽപ്പന വളർച്ച നേടാനാവുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഇസൂസുവിനു പ്രതീക്ഷ. ആഭ്യന്തര വിപണിയിൽ പിക് അപ് ട്രക്കുകൾക്കൊപ്പം സ്പോർട് യൂട്ടിലിറ്റി വാഹനവും വിൽക്കുന്ന ഇസൂസു മോട്ടോർ ഇന്ത്യ കയറ്റുമതിയും ഊർജിതമാക്കാനുള്ള ശ്രമത്തിലാണ്.
ക്രമമായ പുരോഗതിയാണ് ഇന്ത്യൻ വിപണിയിൽ കമ്പനി കൈവരിച്ചതെന്ന് ഇസൂസു മോട്ടോഴ്സ് ഇന്ത്യ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കെൻ തകഷിമ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിൽപ്പന 5,000 യൂണിറ്റോളമാണ്; മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇക്കൊല്ലം വിൽപ്പനയിൽ 60% വർധന കൈവരിക്കാനാവുമെന്നാണ് ഇസൂസുവിന്റെ പ്രതീക്ഷ.
യാത്രാ, വാണിജ്യ വിഭാഗങ്ങളിൽ തുല്യമായ ഡിമാൻഡാണ് ഇസൂസുവിന്റെ പിക് അപ് ട്രക്കുകൾക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്ര പ്രദേശിലെ ശ്രീസിറ്റിയിലുള്ള ശാലയിലാണ് ഇസൂസു വാഹനങ്ങൾ നിർമിക്കുന്നത്; 2016 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി അരലക്ഷം യൂണിറ്റാണ്. ഇന്ത്യയിലെത്തിയ ശേഷമുള്ള അഞ്ചു വർഷത്തിനിടെ മൊത്തം 10,000 യൂണിറ്റ് വിൽപ്പനയാണ് ഇസൂസു കൈവരിച്ചത്. ചെറുകിട, ഇടത്തരം പട്ടണങ്ങളിൽ പിക് അപ് ട്രക്കുകൾക്ക് ആവശ്യക്കാരേറിയത് ഏറെ പ്രോത്സാഹനം നൽകുന്നുണ്ടെന്നും തകഷിമ വിലയിരുത്തുന്നു. നിലവിൽ ഇന്ത്യയിൽ 35 വിൽപ്പന കേന്ദ്രങ്ങളാണ് ഇസൂസുവിനുള്ളത്; മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ വിപണന ശൃംഖല വിപുലീകരിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.