ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സിലെ ഓഹരി പങ്കാളിത്തം ഉപേക്ഷിക്കാൻ ടൊയോട്ട മോട്ടോർ കോർപറേഷൻ തീരുമാനിച്ചു. ഇസൂസുവിൽ 5.89% ഓഹരി പങ്കാളിത്തമാണു നിലവിൽ ടൊയോട്ടയ്ക്കുള്ളത്. ഇവ വിറ്റൊഴിയുന്നതോടെ ടൊയോട്ടയും ഇസൂസുവുമായി മൂലധന മേഖലയിൽ നിലനിന്ന സഹകരണവും ഇല്ലാതാവും. ഓഹരി ഉപേക്ഷിച്ചാലും വിവിധ തലങ്ങളിൽ ഇസൂസുവുമായുള്ള സഹകരണം തുടരുമെന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യ രംഗത്തെ അടിസ്ഥാന സഹകരണത്തിനൊപ്പം സംയുക്തമായി വാഹനങ്ങൾ വികസിപ്പിക്കാനുള്ള മുൻതീരുമാനത്തിനും മാറ്റമുണ്ടാവില്ല. ഭാവിയിൽ പരസ്പരമുള്ള സഹകരണം വിപുലീകരിക്കാനുള്ള സാധ്യതകളും ഇരു കമ്പനികളും പരിഗണിക്കും.
ഡീസൽ എൻജിനുകളുടെ വികസനത്തിലും ഉൽപ്പാദനത്തിലും വിഭവങ്ങൾ പങ്കിടാനുള്ള അടിസ്ഥാന കരാറിൽ 2006 നവംബറിലാണ് ഇസൂസുവും ടൊയോട്ടയും ഒപ്പിട്ടത്. വിവിധ മേഖലകളിൽ യോജിച്ചുള്ള പ്രവർത്തനത്തിന്റെ സാധ്യത പരിശോധിക്കാനും ഇതേ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു. ഇസൂസുവിൽ ഓഹരി പങ്കാളിത്തത്തിന് ടൊയോട്ട അനുമതി നേടിയതും ഇതേ ഘട്ടത്തിലായിരുന്നു.
എന്നാൽ വിപണി സാഹചര്യങ്ങളിൽ മാറ്റം വന്നതോടെ തുടക്കത്തിൽ പരിഗണിച്ച പദ്ധതികളിൽ ചിലതൊക്കെ ഉപേക്ഷിക്കാൻ പങ്കാളികൾ നിർബന്ധിതരായിരുന്നു. മറ്റു ചില മേഖലകളിലാവട്ടെ സഹകരിച്ചുള്ള പ്രവർത്തനത്തിലൂടെ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനുമായില്ല. ഇതോടെ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തി മൂലധന മേഖലയിലെ സഹകരണം പുനഃപരിശോധിക്കാൻ ടൊയോട്ടയും ഇസൂസുവും സന്നദ്ധരാവുകയായിരുന്നു.