കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട നിരവധി ആളുകളുണ്ട്. വീട്ടിലും വാഹനത്തിലുമെല്ലാം വെള്ളം കയറിയുണ്ടായ നഷ്ടം നിരവധി. സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളുമെല്ലാം നഷ്ടപ്പെട്ടവർക്ക് സഹായവുമായി സർക്കാർ എത്തിയിരുന്നു. ഇപ്പോഴിതാ ലൈസൻസ് നഷ്ടപ്പെട്ടവർക്കും ആർസി ബുക്ക് നഷ്ടപ്പെട്ടവർക്കും സഹായവുമായി മോട്ടോർ വാഹന വകുപ്പും എത്തുന്നു.
രേഖകൾ നഷ്ടപ്പെട്ടവർക്കും മഴയും പ്രളയവും നിമിത്തം ഡ്രൈവിങ് ടെസ്റ്റുകളും വാഹന പരിശോധനകളും നടത്താനാകാത്ത സാഹചര്യത്തിൽ അവയുടെ കാലാവധി നീട്ടിയും പിഴ ഒഴിവാക്കിയുമാണ് മോട്ടോർ വാഹന വകുപ്പ് ജനങ്ങളെ പിഴകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ബാധ്യതകളിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചത്.
മോട്ടർ വാഹന വകുപ്പിന്റെ തീരുമാനങ്ങൾ
∙ ഫാൻസി നമ്പർ കാലാവധി കഴിയുന്നത് ക്രമപ്പെടുത്തും
∙ താൽക്കാലിക റജിസ്ട്രേഷൻ കഴിഞ്ഞ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനും റജിസ്ട്രേഷന്‍ പുതുക്കുന്നതിനും സൗകര്യം ഏർപ്പെടുത്തും
∙ സിഎഫ് ടെസ്റ്റിന്റെ കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോംപൗണ്ടിങ് ഫീസ് ഒഴിവാക്കും
∙ ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവ പുതുക്കുന്നതിനുള്ള കാലാവധി പിഴ ഒഴിവാക്കി നീട്ടുന്നതാണ്.
∙ പെർമിറ്റ് പുതുക്കുന്നതിനുള്ള കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ കോംപൗണ്ടിങ് ഫീസ് ഒഴിവാക്കും.
∙ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട രേഖകളുടെ ഡ്യൂപ്ലികേറ്റ് കോപ്പി യാതൊരു ഫീസും ഈടാക്കാതെ നൽകും.
∙ താൽക്കാലിക റജിസ്ട്രേഷൻ രേഖകൾ നഷ്ടപ്പെട്ട വാഹനങ്ങളുടെ റഡിസ്ട്രേഷൻ വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മറ്റ് രേഖകൾ ഇല്ലാതെ തന്നെ റജിസ്റ്റർ ചെയ്യും