ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്നു ജാപ്പനീസ് നിർമാതാക്കളായ ഇസൂസു മോട്ടോഴ്സ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തോടെ ‘ഡി മാക്സ്’ ശ്രേണിയിലെ പിക് അപ് ട്രക്കുകളുടെ വിലയിൽ അരലക്ഷം രൂപയുടെ വരെ വർധനയാണു നിലവിൽ വരികയെന്നും കമ്പനി അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയേറിയതും വിതരണ ചെലവ് ഉയർന്നതുമാണ് ഈ തീരുമാനത്തിനു പിന്നിലെന്നും ഇസൂസു വിശദീകരിക്കുന്നു.
‘ഡി മാക്സ്’ റഗുലർ കാബ്, ‘ഡി മാക്സ്’ എസ് കാബ്, ‘ഡി മാക്സ് വി ക്രോസ്’ എന്നിവയുടെ വിലയിൽ രണ്ടു മുതൽ മൂന്നു ശതമാനം വരെ വർധനയാണു നടപ്പാക്കുന്നത്. ഇതോടെ വിവിധ മോഡലുകളുടെ വിലയിൽ 20,000 മുതൽ 50,000 രൂപയുടെ വരെ വർധന നിലവിൽ വരും.
ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില സെപ്റ്റംബർ മുതൽ വർധിപ്പിക്കുമെന്നു പ്രമുഖ നിർമാതാക്കളെല്ലാം പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലയേറിയതു മൂലം ഉൽപ്പാദന ചെലവ് ഉയർന്നതും കസ്റ്റംസ് ഡ്യൂട്ടി നിരക്ക് വർധന മൂലമുള്ള അധിക ബാധ്യതയുമൊക്കെയാണ് വാഹന വില കൂട്ടാനുള്ള കാരണങ്ങളായി നിർമാതാക്കൾ നിരത്തുന്നത്. കൂടാതെ വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയും വാഹന വില വർധനയ്ക്കു വഴി വച്ചിട്ടുണ്ട്.
സെപ്റ്റംബർ ഒന്നു മുതൽ വിലയിൽ നാലു ശതമാനം വരെ വർധന നടപ്പാക്കാനാണു ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഒരുങ്ങുന്നത്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്, ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്, ഫോഡ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങി രാജ്യത്തെ മുൻനിര നിർമാതാക്കളെല്ലാം വാഹന വില ഉയർത്തുമെന്നു പ്രഖ്യാപിച്ചിട്ടുമുണ്ട്.