ജനപ്രീതിയാർജിച്ച ‘കോംപസ്’ എസ് യു വിയുടെ ‘ബ്ലാക്ക് പായ്ക്ക്’ പതിപ്പ് അവതരിപ്പിക്കാൻ ജീപ്പ് ഒരുങ്ങുന്നുണ്ടെന്നു ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് ഇന്ത്യ മാനേജിങ് ഡയറക്ടർ കെവിൻ ഫ്ളിൻ വെളിപ്പെടുത്തി. നവരാത്രി — ദീപാവലി ഉത്സവകാലത്തിനു മുന്നോടിയായിട്ടാവും ‘കോംപസ് ബ്ലാക്ക് പായ്ക്ക്’ എത്തുകയെന്നാണു സൂചന.
പേരു സൂചിപ്പിക്കുംപോലെ കറുപ്പിൽ ആറാടിയാവും ‘കോംപസ് ബ്ലാക്ക് പായ്ക്കി’ന്റെ വരവ്; കറുപ്പ് റൂഫ്, കറുപ്പ് മിറർ, കറുപ്പ് അലോയ് വീൽ എന്നിവയ്ക്കൊപ്പം അകത്തളത്തിലും കറുപ്പ് നിറയും. സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമുണ്ടാവില്ലെങ്കിലും പരിമിതകാല പതിപ്പായാണോ നിലവിലുള്ള മോഡലുകൾക്കൊപ്പം പാക്കേജ് വ്യവസ്ഥയിലാണോ ‘ബ്ലാക്ക് പായ്ക്ക്’ എത്തുകയെന്ന് വ്യക്തമല്ല.
ഇതിനു പുറമെ ‘കോംപസി’നു പുതിയ മുന്തിയ വകഭേദം പുറത്തിറക്കാനും ജീപ് ആലോചിക്കുന്നുണ്ട്; ‘ലിമിറ്റഡ് പ്ലസ്’ എന്ന പേരിലാവും ഈ പതിപ്പിന്റെ വരവ്. സൺറൂഫ്, പവേഡ് ഡ്രൈവർ സീറ്റ്, വലിപ്പമേറിയ 8.4 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം തുടങ്ങിയവയാവും ഈ വകഭേദത്തിന്റെ ആകർഷണം. ‘കോംപസ് ലിമിറ്റഡ് പ്ലസും’ അടുത്ത മാസം നിരത്തിലെത്തുമെന്നാണു പ്രതീക്ഷ.
അടുത്ത വർഷത്തോടെ ‘കോംപസ് ട്രെയ്ൽഹോക്കും’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നു ഫ്ളിൻ സൂചിപ്പിക്കുന്നു. തികഞ്ഞ ഓഫ് റോഡ് പതിപ്പായ ‘കോംപസ്’ ഡീസൽ എൻജിനും ഓട്ടമാറ്റിക് ട്രാൻസ്മിഷനുമായിട്ടാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക.