ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവുമധികം വിൽപ്പന നേടിയ പ്രീമിയം സെഡാനായി ‘സിയാസ്’ മാറിയെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). രാജ്യത്തെ പ്രീമിയം സെഡാൻ വിഭാഗത്തിൽ 28.8% വിപണി വിഹിതവും മാരുതി സുസുക്കി ഇന്ത്യ അവകാശപ്പെട്ടു. 2014ൽ നിരത്തിലെത്തിയ ‘സിയാസി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 2.34 ലക്ഷം യൂണിറ്റാണെന്നും കമ്പനി വെളിപ്പെടുത്തി.
നിരത്തിലെത്തി ആദ്യ മാസം തന്നെ പതിനായിരത്തോളം ഇടപാടുകാരാണ് പുതിയ ‘സിയാസ്’ ബുക്ക് ചെയ്തതെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അറിയിച്ചു. കിടയറ്റ പ്രകടനവും തന്റേടം തുളുമ്പുന്ന രൂപവും ആഢ്യത്വമുള്ള അകത്തളവും മികച്ച സ്ഥലസൗകര്യവും ഉയർന്ന സുരക്ഷയുമൊക്കെ ചേർന്ന പാക്കേജാണ് ‘സിയാസ്’; എല്ലാ രംഗത്തുമുള്ള ഈ മികവാണ് ‘സിയാസി’ന് പ്രീമിയം സെഡാൻ വിപണിയിൽ മേൽക്കൈ നേടിക്കൊടുത്തതെന്നും കാൽസി അവകാശപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ കാലത്ത് 24,000 യൂണിറ്റിലേറെ വിൽപ്പനയാണു ‘സിയാസ്’ കൈവരിച്ചത്. പ്രീമിയം സെഡാനുകളുടെ ‘എ ത്രി പ്ലസ്’ വിഭാഗത്തിൽ നേതൃസ്ഥാനവും ‘സിയാസ്’ സ്വന്തമാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലത്തോടെ 1.5 ലീറ്റർ പെട്രോൾ എൻജിനാണു ‘സിയാസി’നു കരുത്തേകുന്നത്. ലിതിയം അയോൺ ബാറ്ററി സഹിതമുള്ള അടുത്ത തലമുറ സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അരങ്ങേറ്റത്തിനും ‘സിയാസ്’ വഴി തെളിച്ചിരുന്നു. പ്രീമിയം വാഹന വിൽപ്പനയ്ക്കായി മാരുതി സുസുക്കി സ്ഥാപിച്ച ‘നെക്സ’ ശൃംഖല വഴിയാണു ‘സിയാസി’ന്റെ വിപണനം. ഹോണ്ട ‘സിറ്റി’യും ഹ്യുണ്ടേയ് ‘വെർണ’യും ടൊയോട്ട ‘യാരിസു’മൊക്കെയാണു ‘സിയാസി’ന്റെ എതിരാളികൾ.