ബി എസ് ആറ് നിലവാരം 2020 ആദ്യമെന്നു ഹോണ്ട

മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കേന്ദ്ര സർക്കാർ നിശ്ചയിച്ച സമയപരിധിക്കു മുമ്പു തന്നെ നടപ്പാക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്. 2020 ഏപ്രിൽ മുതൽ ബി എസ് ആറ് നിലവാരമുള്ള വാഹനങ്ങൾ നിർമിക്കണമെന്നാണു കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. പുതിയ നിലവാരം നടപ്പാവുന്നതിനു നാലു മാസമെങ്കിലും മുമ്പു തന്നെ ഇന്ത്യയിലെ മോഡൽ ശ്രേണി ബി എസ് ആറ് നിലവാരത്തിലെത്തിക്കുമെന്നാണു ഹോണ്ട കാഴ്സിന്റെ വാഗ്ദാനം.

സർക്കാർ നിശ്ചയിച്ച സമയക്രമത്തിനും മുമ്പു തന്നെ ഈ നിലവാരം പാലിക്കാൻ ഹോണ്ടയ്ക്കു കഴിയുമെന്നു കന്നപിയുടെ വെൽഡിങ് ഡിവിഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ മുകേഷ് മനോച വ്യക്തമാക്കി. 2020 തുടക്കത്തിൽ തന്നെ ഹോണ്ട ബി എസ് ആറ് നിലവാരമുള്ള കാറുകൾ വിപണിയിലിറക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാറുകളെ ബി എസ് ആറ് നിലവാരത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയും പരിചയസമ്പത്തും ഹോണ്ടയ്ക്കുണ്ട്. പക്ഷേ എൻജിൻ ബി എസ് ആറ് നിലവാരത്തിലെത്തുന്നതോടെ കാർ വില ഉയരുമെന്നതാണു ഹോണ്ടയടക്കമുള്ള നിർമാതാക്കൾ നേരിടുന്ന വെല്ലുവിളി.

കാറ്റലിസ്റ്്ര റിഡക്റ്ററിനും എക്സോസ്റ്റ് ട്രീറ്റ്മെന്റ് സിസ്റ്റത്തിനും പുറമെ ഡീസൽ പർട്ടിക്കുലേറ്റ് ഫിൽറ്റർ കൂടി ഘടിപ്പിക്കണമെന്നതാണു ഡീസൽ എൻജിനുള്ള കാറുകളുടെ വില ഗണ്യമായി ഉയർത്തുക. നിലവിൽ രണ്ടു ഡീസൽ എൻജിനുകളാണു ഹോണ്ട ഇന്ത്യയ്ക്കുള്ളത്. ‘അമെയ്സി’ലൂടെ അരങ്ങേറിയ 1.5 ലീറ്റർ, ഐ ഡി ടെക്, ‘എർത്ത് ഡ്രീംസ്’ എൻജിനാണ് ‘സിറ്റി’ക്കും ‘ഡബ്ല്യു വി— ആറി’നും ‘ജാസി’നും ‘ബി ആർ — വി’ക്കുമൊക്കെ കരുത്തേകുന്നത്. കൂടാതെ അടുത്തു വിൽപ്പനയ്ക്കെത്തുന്ന പുതിയ ‘സി ആർ — വി’യിലൂടെ 1.6 ലീറ്റർ, ഐ ഡി ടെക് എൻജിനും കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച ഈ 1.6 ലീറ്റർ എൻജിൻ ഗ്രേറ്റർ നോയ്ഡ ശാലയിലാണു നിർമിക്കുന്നത്. ഭാവിയിൽ ഈ എൻജിൻ കയറ്റുമതി ചെയ്യാനും ഹോണ്ടയ്ക്കു പദ്ധതിയുണ്ട്.

അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യൻ വിപണിയിൽ അഞ്ചു മോഡലുകൾ അവതരിപ്പിക്കാനും ഹോണ്ട തയാറെടുക്കുന്നുണ്ട്. നവീകരിച്ച ‘സിവിക്’ ആണ് ഇതിൽ ആദ്യത്തേത്. ലോക വിപണികളിൽ 1.8 ലീറ്റർ പെട്രോൾ എൻജിനുമായാണു പുതിയ ‘സിവിക്’ എത്തുന്നത്. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ എൻജിൻ ശേഷി കുറയാനാണു സാധ്യത. ഹ്യുണ്ടേയ് ‘ക്രേറ്റ’യോടും മറ്റും ഏറ്റുമുട്ടാനായി പുതിയ കോംപാക്ട് എസ് യു വിയും ഹോണ്ട ഇന്ത്യയ്ക്കായി പരിഗണിക്കുന്നുണ്ട്. ചില വിദേശ വിപണികളിൽ ‘വെസെൽ’ എന്ന പേരിൽ അറിയപ്പെടുന്ന ‘എച്ച് ആർ — വി’യാവും ഇന്ത്യയിലുമെത്തുക.