യു എസ് നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീലിന്റെ ജീപ് ‘കോംപസി’ന്റെ ഓഫ് റോഡ് വകഭേദമായ ട്രെയ്ൽഹോക്ക് പതിപ്പ് ഇക്കൊല്ലം തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നു സൂചന. മിക്കവാറും അടുത്ത വർഷം ആദ്യം തന്നെ കോംപസ് ട്രെയ്ൽഹോക്ക് വിൽപ്പനയ്ക്കെത്തിയേക്കും. 2020ൽ നിലവിൽ വരുന്ന ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം കൈവരിക്കുന്ന വിധത്തിൽ എൻജിൻ പരിഷ്കരിക്കാൻ വേണ്ടിയാണു ജീപ് ‘കോംപസ് ട്രെയ്ൽഹോക്ക്’ അവതരണം വൈകിച്ചതെന്നാണു വിലയിരുത്തൽ.
അരങ്ങേറ്റത്തിനു മുന്നോടിയായി ജീപ് ‘കോംപസ് ട്രെയ്ൽഹോക്കി’ന്റെ ഇന്ത്യയിലെ പരീക്ഷണം ഓട്ടം ആരംഭിച്ചിട്ടുണ്ട്. കമ്പനി ഡീലർമാരുടെ സംഗമത്തിലും ജീപ് ഈ മോഡൽ പ്രദർശിപ്പിച്ചിരുന്നു. പോരെങ്കിൽ ജപ്പാനും ഓസ്ട്രേലിയയും പോലുള്ള റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികൾക്കായി ഇപ്പോൾതന്നെ ‘കോംപസ് ട്രെയ്ൽഹോക്ക്’ ഉൽപ്പാദനത്തിലുമുണ്ട്.
‘കോംപസ്’ ശ്രേണിയിലെ മുന്തിയ വകഭേദമായ ‘ട്രെയ്ൽഹോക്ക്’ ഓഫ് റോഡിങ് കഴിവുമായിട്ടാണ് എത്തുന്നത്. ഓഫ് റോഡിങ്ങിനെ ഗൗരവമായി കാണുന്നവർക്കായി ജീപ്പിന്റെ ആക്ടീവ് ഡ്രൈവ് ലോ റേഞ്ച് ഫോർ വീൽഡ്രൈവ് സാങ്കേതികവിദ്യ സഹിതമാണ് ‘കോംപസ് ട്രെയ്ൽഹോക്കി’ന്റെ വരവ്. ഒപ്പം സെലക്ട് ടെറെയ്ൻ ഫോർവീൽഡ്രൈവ് സിസ്റ്റത്തിൽ ‘റോക്ക് മോഡ്’ എന്ന പുതിയ സാധ്യതയും ‘ട്രെയ്ൽഹോക്ക്’ വാഗ്ദാനം ചെയ്യുന്നു. പോരെങ്കിൽ സാധാരണ ‘കോംപസി’നെ അപേക്ഷിച്ചു കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും ‘ട്രെയ്ൽഹോക്കി’നുണ്ട്.
അതേസമയം സാങ്കേതികമായി ‘ട്രെയ്ൽഹോക്കി’ൽ ജീപ് മാറ്റമൊന്നും വരുത്തിയിട്ടില്ല; ഈ ‘കോംപസി’നും കരുത്തേുകന്നത് രണ്ടു ലീറ്റർ ഡീസൽ എൻജിനാണ്. 173 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കുന്ന എൻജിനു കൂട്ട് ഒൻപതു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്.
‘ട്രെയ്ൽഹോക്ക്’ പതിപ്പിന്റെ വില സംബന്ധിച്ചു സൂചനയൊന്നും ലഭ്യമല്ല; എങ്കിലും സാധാരണ ‘കോംപസി’നെ അപേക്ഷിച്ച് രണ്ടര ലക്ഷം രൂപയെങ്കിലും അധികമാവും ‘ട്രെയ്ൽഹോക്കി’നു വിലയെന്നാണു പ്രതീക്ഷ. ഇന്ത്യയിൽ ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’, ഇസൂസു ‘എം യു — എക്സ്’ തുടങ്ങിവയോടാവും ‘കോംപസ് ട്രെയ്ൽഹോക്കി’ന്റെ ഏറ്റുമുട്ടൽ.