രണ്ടാം വരവ് ആഘോഷമാക്കി സാൻട്രോ, ആദ്യമാസം തന്നെ പുറത്തിറങ്ങിയത് 8535 യൂണിറ്റ്

രണ്ടാം വരവിലും ചരിത്രമായി മുന്നേറുകയാണ് ഹ്യുണ്ടേയ്‌യുടെ ചെറുകാറായ സാൻട്രോ. പുറത്തിറങ്ങി ആദ്യമാസം തന്നെ നിരത്തിലെത്തിയത് 8535 യൂണിറ്റ് വാഹനങ്ങളാണ്. കൂടാതെ ഏറ്റവും അധികം വിൽപ്പനയുള്ള വാഹനങ്ങളുടെ പട്ടികയിൽ പതിനൊന്നാം സ്ഥാനവും സാൻട്രോയ്ക്ക് ലഭിച്ചു. . പുറത്തിറങ്ങുന്നതിന് 22 ദിവസം മുന്നേ ആരംഭിച്ച പ്രീബുക്കിങ്ങിലൂടെ 29000 ഓർഡറുകൾ കാറിന് ലഭിച്ചു എന്ന ഹ്യുണ്ടേയ് നേരത്തെ അറിയിച്ചിരുന്നു.

Santro

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനപ്രിയ കാറായ സാൻട്രോയെ പുത്തൻ രൂപത്തിൽ വിപണിയിൽ എത്തിച്ചത് കഴിഞ്ഞ മാസം 23 നാണ്. പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഒക്ടോബർ 8 മുതൽ പ്രീ ബുക്കിങ് ആരംഭിച്ചിരുന്നു. അഞ്ചു വകഭേദങ്ങളിലായി ലഭിക്കുന്ന സാൻട്രോയുടെ കോട്ടയം എക്സ്ഷോറൂം വില 3.93 ലക്ഷം മുതൽ 5.68 ലക്ഷം വരെയാണ്. പെട്രോൾ കൂടാതെ പെട്രോൾ ഓട്ടമാറ്റിക്, ഫാക്ടറി ഫിറ്റ‍ഡ് സിഎൻജി ഓപ്ഷനുകളിലും സാൻട്രോ വിപണിയിലുണ്ട്.

ആദ്യ സാൻട്രോയെപ്പോലെ തന്നെ രണ്ടാം പതിപ്പും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ആദ്യ അര ലക്ഷം കാറുകൾക്ക് പ്രത്യേക വിലക്കിഴിവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. പുതിയ സാൻട്രോയും പഴയ സാൻട്രോയുമായുള്ള സാദൃശ്യം പേരിൽ ഒതുങ്ങുന്നു. എന്നാൽ 20 കൊല്ലം മുമ്പ് പഴയ സാൻട്രോ ഇന്ത്യയിലെ വാഹനവ്യവസായ മേഖലയിൽ പുത്തൻ പ്രവണതകൾ തുറന്നിട്ടതുപോലെ പുതിയ സാൻട്രോ രണ്ടാമതൊരിക്കൽക്കൂടി കാലികമായ മാറ്റങ്ങൾക്കു തുടക്കമിടുകയാണ്. ചെറിയൊരു കുടുംബ കാറിൽ എന്തൊക്കെയാകാം എന്നതിനു പുത്തൻ തലങ്ങൾ തീർക്കുകയാണ് സാൻട്രോ രണ്ടാമൻ.

ടോൾബോയ് രൂപകൽപനയാണ് പുതിയ സാൻട്രോയിലും. ഉള്ളിലും പുറത്തും പഴയ സാൻട്രോയെക്കാൾ വലുപ്പം. വീൽ ബേയ്സ് കൂടുതലുള്ളതും എൻജിൻ ബേയ്ക്ക് ഒതുക്കമുള്ളതും ഉള്ളിലെ അധികസ്ഥലമായി പരിണമിക്കുന്നു. മുന്നിൽ രണ്ടാൾക്കും പിന്നിൽ മൂന്നു പേർക്കും സുഖ സവാരി. ലെഗ് റൂം, ഹെഡ് റൂം, നല്ല സീറ്റുകൾ, പ്രീമിയം സെഡാനുകളെപ്പോലെ പിന്നിൽ എ സി വെൻറ്, കൂടാതെ, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, റിവേഴ്സ് ക്യാമറയുമുണ്ട്. ഏറ്റവും താണ മോഡലിനും എയർ ബാഗും എ ബി എസും.

ആധുനിക സാങ്കേതികതയിൽ പിറന്ന സാൻട്രോയ്ക്ക് പുതിയ പ്ലാറ്റ്ഫോമാണ്. സുരക്ഷയ്ക്കും സുഖസവാരിക്കും മുൻതൂക്കം നൽകുന്ന രൂപകൽപനയിൽ സ്െറ്റലിങ് പിൻ സീറ്റിലാകുന്നില്ല. ക്രോമിയം ആവരണമുള്ള വലിയ ഗ്രിൽ കാട്ടാനയുടെ മസ്തകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനികത തുളുമ്പുന്ന ഹെഡ് ലാംപ്. വശങ്ങളിൽ വലിയ വീൽ ആർച്ചുകൾക്കു പുറമെ മസ്കുലർ വടിവുള്ള പാനലുകൾ. പിൻവശം പൊതുവെ ലളിതമാണ്.യുവതലമുറയ്ക്കു ചേർന്ന വടിവഴകുകൾ. മെർക് കാറുകളിലേതു പോലെയുള്ള എ സി െവൻറ്. െസൻറർ കൺസോളിൽ ഉറപ്പിച്ച പവർവിൻഡോ സ്വിച്ചുകൾ. കളർ കോഡിങ്ങുള്ള സീറ്റ് ബെൽറ്റും മറ്റു ഘടകങ്ങളും. മേൽത്തരം പ്ലാസ്റ്റിക്.

കാറിനു കരുത്തേകുക 1.1 ലീറ്റര്‍, എപ്‌സിലോന്‍ പെട്രോൾ എന്‍ജിനാണ്. 69 ബി എച്ച് പി കരുത്ത്. ലീറ്ററിന് 20.3 കി മി വരെയാണ് ഇന്ധനക്ഷമത. സിഎൻജി പതിപ്പിന് 59 ബിഎച്ച്പി കരുത്തുണ്ട്. ഹ്യുണ്ടേയ് കാറുകളിലെ ആദ്യ എഎംടി ഗിയർബോക്സാണ് സാൻട്രോയിലൂടെ അരങ്ങേറിയത്. നിലവിലുള്ള എ എം ടികളിൽ നിന്നു വ്യത്യസ്തമായ ഇലക്ട്രിക്കലി നിയന്ത്രിക്കുന്ന ആക്ചുവേറ്ററുകളുള്ള യൂണിറ്റ് സി വി ടി ഗിയർബോക്സുകളോടു കിട പിടിക്കും.