പുതിയ ചരിത്രം സൃഷ്ടിച്ച് സാൻട്രോ ഇതുവരെ ലഭിച്ചത് 45,000 ബുക്കിങ്

All New Santro

ബുക്കിങ്ങിൽ പുതിയ ചരിത്രം സൃഷ്ടിച്ചു മുന്നേറുകയാണു ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ചെറുകാറായ സാൻട്രോ. അവതരണത്തിനു മുമ്പേ 15,000 ബുക്കിങ് വാരിക്കൂട്ടിയ കാറിന്റെ ഇതുവരെയുള്ള ബുക്കിങ് 45,000 പിന്നിട്ടെന്നാണു കമ്പനിയുടെ കണക്ക്. ഒക്ടോബർ 21ന് അരങ്ങേറ്റം കുറിച്ച കാറിനുള്ള ബുക്കിങ്ങുകൾ ഒക്ടോബർ 10 മുതൽ തന്നെ ഹ്യുണ്ടേയ് സ്വീകരിച്ചു തുടങ്ങിയിരുന്നു. അരങ്ങേറ്റം കുറിച്ച് രണ്ടു മാസത്തിനകം തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിലും സാൻട്രോ ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മുന്നേറ്റം തുടർന്നാൽ വിൽപ്പനക്കണക്കെടുപ്പിൽ രാജ്യത്തെ ആദ്യ അഞ്ച് കാറുകൾക്കൊപ്പം തന്നെ  സ്ഥാനം പിടിക്കാൻ ‘സാൻട്രോ’യ്ക്കു സാധിക്കുമെന്നാണു വിലയിരുത്തൽ.

ഇന്ത്യയിൽ ഏറെ ജനപ്രിയമായ സാൻട്രോ എന്ന പേരു നിലനിർത്തിയതാണു പുതിയ കാറിന്റെ വിജയത്തിൽ നിർണായകമായെന്നു കരുതുന്നവർ ധാരാളമുണ്ട്. ഒപ്പം മികച്ച എൻജിന്റെയും ഓട്ടമാറ്റിക് ട്രാൻസ്മിഷന്റെയും സാന്നിധ്യവും ഈ വിഭാഗത്തിൽ ആദ്യമായി ലഭിക്കുന്ന വിവിധ സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ സാൻട്രോയെ ജനപ്രിയമാക്കുന്നു. ഹ്യുണ്ടേയിക്ക് ഇന്ത്യയിലുള്ള മികച്ച വിൽപ്പന, വിൽപ്പനാന്തര സേവന ശൃംഖലയും സാൻട്രോയുടെ വിജയത്തിൽ നിർണായകമായി. ഇതിനൊക്കെ പുറമെയാണ് 3.89 ലക്ഷം രൂപ മുതൽ വില നിശ്ചയിച്ചു ഹ്യുണ്ടേയ് സാൻട്രോയെ വിൽപ്പനയ്ക്കെത്തിച്ചത്. 

ഇന്ത്യയിൽ മിഡ് കോംപാക്ട് വിഭാഗത്തിൽ പ്രതിമാസം 30,000 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരുന്നതെന്ന് ഹ്യുണ്ടേയ് മോട്ടോഴ്സ് ഇന്ത്യ മാർക്കറ്റിങ് ഗ്രൂപ് മേധാവി പുനീത് ആനന്ദ് ഓർമിപ്പിക്കുന്നു. എന്നാൽ സാൻട്രോ എത്തിയതോടെ വിൽപ്പന 36,000 യൂണിറ്റായി ഉയർന്നു കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടുതന്നെ നിരത്തുകളിൽ ധാരാളം സാൻട്രോ കാണാനുണ്ടെന്നും ആനന്ദ് കരുതുന്നു. മലിനീകരണ നിയന്ത്രണത്തിൽ പുതിയ നിലവാരം കൈവരിക്കാനായി ട്യൂണിങ് പരിഷ്കരിച്ച 1.1 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ് സാൻട്രോയ്ക്കു കരുത്തേകുന്നത്. 69 ബി എച്ച് പിയോളം കരുത്തും 99 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിന് ലീറ്ററിന് 20.3 കിലോമീറ്ററാണു ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവൽ, അഞ്ചു സ്പീഡ് എ എം ടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.