ആന്റി സ്കിഡ് ബ്രേക്കോടെ പ്ലാറ്റിന; വില 49,197 രൂപ

Bajaj Platina

ആന്റി സ്കിഡ് ബ്രേക്ക് സംവിധാനത്തോടെ എൻട്രി ലവൽ ബൈക്കായ ‘പ്ലാറ്റിന 110’ ബജാജ് ഓട്ടോ ലിമിറ്റഡ് പുറത്തിറക്കി. 49,197 രൂപയാണു ബൈക്കിനു ഡൽഹി ഷോറൂമിൽ വില. ബൈക്കിന് മെച്ചപ്പെട്ട നിയന്ത്രണം നൽകി ഏതു വേഗത്തിലും യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടാണു ബജാജ് ഓട്ടോ ഈ ‘പ്ലാറ്റിന’യിൽ ആന്റി സ്കിഡ് ബ്രേക്ക് ഘടിപ്പിച്ചിരിക്കുന്നത്. ബ്രേക്ക് പിടിക്കുന്ന ഘട്ടത്തിൽ അതിന്റെ ആഘാതം ഇരുചക്രങ്ങളിലും തുല്യമായി വീതിച്ചു നൽകാൻ ഈ സംവിധാനത്തിനു കഴിയുമെന്നാണു ബജാജിന്റെ അവകാശവാദം.

എല്ലാത്തരം നിരത്തിലും കൂടുതൽ യാത്രാസുഖം ഉറപ്പാക്കാൻ നൈട്രോക്സ് ഗ്യാസ് ചാർജ്ഡ് ഷോക് അബ്സോബറിനൊപ്പം സ്പ്രിങ് ഓൺ സ്പ്രിങ് സസ്പെൻഷും ബജാജ് ബൈക്കിൽ ലഭ്യമാക്കുന്നുണ്ട്. പ്രകമ്പനങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷിയുള്ള മുന്തിയ ഫോമും പരിഷ്കരിച്ച അപ്ഹോൾസ്ട്രിയും സഹിതം നീളമേറിയ സീറ്റും ഈ ‘പ്ലാറ്റിന’യിലുണ്ട്. 

ഉയർന്ന ഇന്ധനക്ഷമയുടെയും മികച്ച യാത്രാസുഖത്തിന്റെയും പര്യായമാണു ‘പ്ലാറ്റിന’യെന്ന് ബജാജ് ഓട്ടോ മോട്ടോർ സൈക്കിൾ ബിസിനസ് പ്രസിഡന്റ് എറിക് വ്യാസ് അഭിപ്രായപ്പെട്ടു. 100 സി സി ഉപയോക്താക്കൾക്ക് പ്രീമിയം സാധ്യത ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി ‘പ്ലാറ്റിന 110’ അവതരിപ്പിക്കുന്നത്. മോട്ടോർ സൈക്കിൾ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം നിലവാരമില്ലാത്ത റോഡുകൾ സൃഷ്ടിക്കുന്ന ആഘാതത്തിൽ നിന്നുള്ള മോചനം പരമപ്രധാനമാണ്. മികച്ച യാത്രാസുഖവും സുരക്ഷിതത്വവും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണു പുതിയ ‘പ്ലാറ്റിന 110’ എത്തുന്നതെന്നും വാസ് വ്യക്തമാക്കി.

സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ട്യൂബ്രഹിത ടയറോടെയാണ് ‘പ്ലാറ്റിന 110’ എത്തുന്നത്. 100 സി സി വിഭാഗത്തിലെ ഏറ്റവും വീതിയേറിയതും കട്ടിയുള്ളതുമായ ടയറുകളുമാണിതെന്നാണു ബജാജിന്റെ അവകാശവാദം. പരുക്കൻ റോഡുകളിൽ മികച്ച യാത്രാസുഖം പ്രദാനം ചെയ്യുന്നതിനൊപ്പം കൂടുതൽ ഭാരവാഹക ശേഷിയും ഈ ‘പ്ലാറ്റിന’യ്ക്കു ബജാജ് വാഗ്ദാനം ചെയ്യുന്നുണ്ട്.