ഡൽഹിയിൽ വാഹനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണ് ധക് ധക് എന്ന മോഷണ സംഘം. ഡ്രൈവറുടെ ശ്രദ്ധ തിരിച്ചതിനു ശേഷം വാഹനത്തിനുള്ളിലെ വിലയുള്ള വസ്തുക്കൾ മോഷ്ടിക്കുകയാണ് ഇവരുടെ പതിവ്. ട്രാഫിക് സിഗ്നലുകളിൽ വെച്ച് വാഹനത്തിന്റെ ചില്ലിൽ ഇടിച്ച് ശ്രദ്ധ തിരിച്ചാണ് മോഷണങ്ങളിൽ പലതും നടത്താറ്.
കഴിഞ്ഞ ദിവസം 40 രൂപ നിലത്തിട്ട് ഇവർ മോഷ്ടിച്ചത് 40 ലക്ഷം രൂപ. ഡൽഹിയിലെ സൗത്ത് എക്സ്റ്റെൻഷൻ മാർക്കറ്റിലാണ് സംഭവം നടന്നത്. കാൻപൂരിൽ നിന്നെത്തിയ കുടുംബത്തിന്റ പണമാണ് നഷ്ടപ്പെട്ടത്. ആഭരണങ്ങള്‍ വാങ്ങാൻ എത്തിയ കുടുംബം പണം കാറിൽ വെച്ച് ഷോപ്പിങ്ങിന് പോയതായിരുന്നു. വാഹനത്തിന്റെ മുന്നിൽ പണം വിതറി ഡ്രൈവറുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ എസ് യു വിയുടെ ഡിക്കി തുറന്ന് ബാഗ് മോഷ്ടിക്കുകയായിരുന്നു.
സമീപത്തെ കെട്ടിടത്തിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. മൂന്നു പേരടങ്ങുന്ന സംഘം വളരെ ആസൂത്രിതമായാണ് പണം മോഷ്ടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനു മുമ്പും ഇവർ ഇതേ തരത്തിലുള്ള മോഷണം നടത്തിയിട്ടുണ്ട്. മോഷ്ടിക്കാനുള്ള വാഹനം നിശ്ചയിച്ചുകഴിഞ്ഞാൽ ഏറെ സമയം പിന്തുടർന്നതിന് ശേഷമായിരിക്കും മോഷണം നടത്തുക.