ഇന്ത്യൻ വിപണിയിൽ തിരിച്ചെത്താൻ തയാറെടുക്കുന്ന ജാവ ആദ്യ വർഷം തന്നെ 90,000 യൂണിറ്റ് വിൽപ്പന കൈവരിക്കാൻ ശ്രമിക്കുന്നെന്നു സൂചന. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലജൻഡ്സ് മധ്യപ്രദേശിലെ പീതംപൂർശാലയിലാണു ജാവ ബൈക്കുകൾ നിർമിക്കുക. ഓരോ ഷിഫ്റ്റിലും 200 മോട്ടോർ സൈക്കിളുകളാണു ശാലയുടെ ഉൽപ്പാദനശേഷി. തുടക്കത്തിൽ ഒറ്റ ഷിഫ്റിലാവും ശാലയുടെ പ്രവർത്തനം.
അതേസമയം ജാവ, ബി എസ് എ ബ്രാൻഡുകളുടെ ഉടമസ്ഥരായ ക്ലാസിക് ലജൻഡ്സിനു തകർപ്പൻ വരവേൽപ്പാണ് ഇന്ത്യൻ വിപണി നൽകിയത്. ആദ്യ മോഡലുകളായ ‘ജാവ’യ്ക്കും ‘ജാവ ഫോർട്ടി ടു’വിനും മികച്ച പ്രതികരണമാണു ലഭിച്ചത്. ഇതോടെ സെപ്റ്റംബർ വരെയുള്ള ഉൽപ്പാദനം പൂർണമായും വിറ്റു പോവുകയും ‘ജാവ’ ബുക്കിങ് താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്യേണ്ട സ്ഥിതിയായി. നിലവിൽ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് മാർച്ചോടെയാവും പുതിയ ‘ജാവ’ ബൈക്കുകൾ ലഭിക്കുക.
മികച്ച ഗുണമേന്മ ഉറപ്പാക്കിയ ശേഷം മാത്രമേ ഉൽപ്പാദനം വർധിപ്പിക്കാൻ നടപടിയെടുക്കൂ എന്ന നിലപാടിലാണ് ക്ലാസിക് ലജൻഡ്സ്. ബൈക്ക് ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് പുതിയ ‘ജാവ’ എപ്പോൾ ലഭിക്കുമെന്നതു സംബന്ധിച്ച വ്യക്തമായ വിവരം ഉടൻ കൈമാറുമെന്നും ക്ലാസിക് ലജൻഡ്സ് സഹ സ്ഥാപികൻ അനുപം തരേജ വെളിപ്പെടുത്തിയിരുന്നു. പക്ഷേ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്തു ബൈക്ക് ഉൽപ്പാദനം ഉയർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ വിൽപ്പനയ്ക്കെത്തുന്ന ‘ജാവ ക്ലാസിക്’, ‘ജാവ ഫോർട്ടി ടു’ ബൈക്കുകൾക്ക് യഥാക്രമം 1.64 ലക്ഷം രൂപയും 1.55 ലക്ഷം രൂപയുമാണ് വില. അനാവരണ ചടങ്ങിൽ മറൂൺ നിറത്തിലായിരുന്നു ‘ക്ലാസിക്’ എത്തിയത്; എന്നാൽ പിന്നീട് ഈ ബൈക്കിനു രണ്ടു നിറങ്ങൾ കൂടി ജാവ അവതരിപ്പിച്ചിട്ടുണ്ട്; ജാവ ബ്ലാക്കും ജാവ ഗ്രേയും കൂടിയാവുന്നതോടെ ആകെ മൂന്നു നിറങ്ങളിലാണു ക്ലാസിക് നിരത്തിലെത്തുക. മുൻ — പിൻ ഫെൻഡറുകളിലും ഇന്ധന ടാങ്കിലും പാർശ്വത്തിലെ പാനലിലുമൊക്കെ സ്വർണ സ്ടൈപ്പും ക്രോം അക്സന്റുകളുമായിട്ടാവും ‘ക്ലാസിക്കി’ന്റെ വരവ്.
ക്ലാസിക്കിനു കരുത്തേകുക 293 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, നാലു വാൽവ് എൻജിനാവും; മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമാണ് ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലമുള്ള ഈ എൻജിന്. 27 ബി എച്ച് പിയോളം കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ബൈക്കിന്റെ ട്രാൻസ്മിഷൻ. മുന്നിൽഫ്ളോട്ടിങ് കാലിപർ സഹിതം 280 എം എം സിംഗിൾ ഡിസ്കോടെയെത്തുന്ന ബൈക്കിന്റെ പിന്നിലുള്ളത് 153 എം എം ഡ്രം ബ്രേക്കാണ്. കൂടാതെ സുരക്ഷയ്ക്കായി സിംഗിൾ ചാനൽ എ ബി എസുമുണ്ട്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഇരട്ട സ്പ്രിങ്ങുമാണു സസ്പെൻഷൻ. പഴമ ‘ജാവ’യെ അനുസ്മരിപ്പിക്കാൻ ക്രോമിയം സ്പർശമുള്ള ഇരട്ട എക്സോസ്റ്റ് പൈപ്പും ബൈക്കിലുണ്ട്.