തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍, എന്റെ ഉമ്മാന്റെ പേര്, മാരി 2... 2018 അവസാനിക്കുമ്പോള്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങളുമായി മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ടൊവിനോ തോമസ്. സിനിമ സമ്മാനിച്ച വിജയങ്ങള്‍ ആഘോഷമാക്കാന്‍ ഒന്നല്ല രണ്ട് ബിഎംഡബ്ല്യു വാഹനങ്ങളാണ് ടൊവിനോ പുതു വര്‍ഷത്തില്‍ സ്വന്തമാക്കിയത്. ഒന്ന് ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനായ 7 സീരിസാണെങ്കില്‍ മറ്റേത് ഇരുചക്ര ശ്രേണിയിലെ ചെറു ബൈക്കായ ജി310 ജിഎസ് ആണ്.
കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് രണ്ട് പുതിയ വാഹനങ്ങളും താരം സ്വന്തമാക്കിയത്. സെവന്‍ സീരിസിലെ ഡീസല്‍ വകഭേദം 730 എല്‍ഡി എം സ്‌പോര്‍ട്ടാണ് താരം സ്വന്തമാക്കിയത്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 6.2 സെക്കന്‍ഡുകള്‍ മാത്രം.
ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്‌നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. ആറു സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 265 എച്ച് പി കരുത്തും 620 ന്യൂട്ടണ്‍ മീറ്റര്‍ പരമാവധി ടോര്‍ക്കുമുണ്ട്. 250 കിലോമീറ്ററാണ് പരമാവധി വേഗം. ഏകദേശം 1.32 കോടി രൂപയാണ് 730 എല്‍ഡിയുടെ എക്‌സ്‌ഷോറൂം വില. ഔഡിയുടെ ലക്ഷ്വറി എസ്‌യുവി ക്യൂ 7 നേരത്തെ ടൊവിനോ സ്വന്തമാക്കിയിരുന്നു.
ബിഎംഡബ്ല്യു മോട്ടറാഡ് നിരയിലെ ഏറ്റവും ചെറിയ ബൈക്കുകളിലൊന്നാണ് ജി 310 ജിഎസ്. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളിലൊന്നും ജിഎസ്് ജി 310 തന്നെ. അഡ്വഞ്ചര്‍ സ്‌പോട്ട്‌സ് ബൈക്കായ ജി 310 ജിഎസില്‍ 313 സി സി, സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഉപയോഗിക്കുന്നത്. 34 ബി എച്ച് പി വരെ കരുത്തും 28 എന്‍ എം വരെ ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. 3.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.