നവജാത ശിശുവിന്റെ ജീവൻ രക്ഷിച്ച് മടങ്ങവെ ആംബുലൻസ് കവർന്നത് 2 ജീവനുകൾ. അമിതവേഗത്തിലെത്തിയ ആംബുലൻസ് നിയന്ത്രണം വിട്ടു റോഡരികിലേക്കു പാഞ്ഞുകയറുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന നഴ്സ് ഉൾപ്പെടെ 2 പേർക്കു പരുക്കേറ്റിട്ടുണ്ട്. ദേശീയപാതയിൽ ഓച്ചിറ വലിയകുളങ്ങര പള്ളിമുക്കിലായിരുന്നു സംഭവം. സമീപത്തെ ഹോട്ടലിലെ തൊഴിലാളി വള്ളിക്കാവ് കോട്ടയ്ക്കുപുറം വളവുമുക്ക് സാധുപുരത്ത് ചന്ദ്രൻ (60), ഓച്ചിറയിലെ ചപ്പാത്തി നിർമാണ യൂണിറ്റിലെ തൊഴിലാളി ഒഡീഷ ചെമ്പദേരിപുർ സ്വദേശി രാജുദോറ (24) എന്നിവരാണു മരിച്ചത്.
4 ദിവസം പ്രായമായ കുഞ്ഞിനെ മംഗലാപുരത്തു നിന്നു 8 മണിക്കൂർ കൊണ്ട് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ച ശേഷം മടങ്ങുകയായിരുന്നു ആംബുലൻസ്. വാഹനം അമിതവേഗത്തിലായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സൈക്കിളിൽ പോയ ചന്ദ്രനെയും ഹോട്ടലിൽ ചപ്പാത്തി നൽകിയശേഷം പുറത്തേക്കിറങ്ങിയ 2 ഒഡീഷ സ്വദേശികളെയും ഇടിച്ച ആംബുലൻസ് 2 സ്കൂട്ടറുകളും ഓട്ടോറിക്ഷയും തകർത്തു സമീപത്തെ വൈദ്യുതത്തൂണിലിടിച്ചാണു നിന്നത്. അമിതവേഗവും ഡ്രൈവർ ഉറങ്ങിപോയതുമാകാം അപകടകാരണം എന്നാണ് പൊലീസ് പറയുന്നത്.
അമിത വേഗം ആളെക്കൊല്ലി
അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുമ്പോൾ ആംബുലൻസിന് പ്രത്യേക പരിഗണന ലഭിക്കാറുണ്ടെങ്കിലും രോഗികളില്ലാത്തപ്പോൾ ആംബുലൻസ് മറ്റേത് വാഹനങ്ങൾക്ക് സമാനമാണ്. അമിതവേഗമോ സിഗ്നൽ തെറ്റിച്ചുള്ള ഡ്രൈവിങ്ങോ അരുത് എന്നാണ് നിയമം അനുശാസിക്കുന്നത്. അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍. തൂടർച്ചയായി അമിത വേഗത്തിൽ സഞ്ചരിച്ചാൽ വാഹനത്തിന്റെ ടയർപൊട്ടിത്തെറിക്കാനും സാധ്യതകളുണ്ട്.