ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോറിൽ നിന്നുള്ള പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹനമായ കിക്സിന്റെ അരങ്ങേറ്റം 22ന്. അവതരണത്തിനു മുന്നോടിയായി കഴിഞ്ഞ മാസം മുതൽ തന്നെ നിസ്സാൻ ഡീലർഷിപ്പുകൾ കിക്സിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു. കമ്പനി വെബ്സൈറ്റിൽ നേരിട്ടും ‘കിക്സ്’ ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിട്ടുണ്ട്. 25,000 രൂപയാണു ബുക്കിങ് തുക. രാജ്യാന്തര വിപണിൽ ലഭ്യമാവുന്ന മോഡലിനെ അപേക്ഷിച്ച് കൂടുതൽ വലിപ്പത്തോടെയാണ് ഇന്ത്യയ്ക്കുള്ള കിക്സിന്റെ വരവ്. നിസ്സാന്റെ ‘വി’ പ്ലാറ്റ്ഫോമിനു പകരം ഫ്രഞ്ച് പങ്കാളിയായ റെനോയുടെ ‘എം സീറോ’ പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യയിലെ ‘കിക്സി’ന് അടിത്തറയാവുന്നത്. ഇതോടെ 4,384 എം എം നീളവും 1,813 എം എം വീതിയും 1,656 എം എം ഉയരവും 2,673 എം എം വീൽബേസുമായിട്ടാണു ‘കിക്സി’ന്റെ വരവ്.
റെനോ ‘കാപ്ചറി’നു കരുത്തേകുന്ന എൻജിനുകൾ തന്നെയാണ് കിക്സിലും ഇടംപിടിക്ുകന്നത്. 110 ബി എച്ച് പിയോളം കരുത്തും 240 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റർ ഡീസൽ എൻജിന് കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ്; 106 ബി എച്ച് പി കരുത്തും 142 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിനൊപ്പമുള്ളത് അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. ഭാവിയിൽ ‘കിക്സി’ലെ ഇരു എൻജിനുകൾക്കുമൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷനും നിസ്സാൻ ലഭ്യമാക്കിയേക്കും.
സൗകര്യങ്ങളിലും സംവിധാനങ്ങളിലും സമൃദ്ധമാണ് കിക്സിന്റെ അകത്തളം. 360 ഡിഗ്രി കാമറയുടെ ഡിസ്പ്ലേ കൂടിയാവുന്ന എട്ട് ഇഞ്ച് ഫ്ളോട്ടിങ് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡാഷ്ബോഡ് ഇൻസർട്ട്, ഓട്ടമാറ്റിക് എൽ ഇ ഡി ഹെഡ്ലാംപ്, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് വൈപ്പർ, 17 ഇഞ്ച് അലോയ് വീൽ തുടങ്ങിയവയൊക്കെ ‘കിക്സി’ലുണ്ട്. ശക്തമായ മത്സരം കാഴ്ചവയ്ക്കാനായി 9.40 — 15 ലക്ഷം രൂപ വിലനിലവാരത്തിൽ നിസ്സാൻ ‘കിക്സി’നെ വിൽപ്പനയ്ക്കെത്തിക്കുമെന്നാണു പ്രതീക്ഷ.