ജനീവ മോട്ടോർ ഷോയിൽ പുത്തൻ മോഡലുകൾ അനാവരണം ചെയ്യുന്ന പതിവു രീതി ഇക്കുറിയും ആവർത്തിക്കാൻ ഒരുങ്ങുകയാണു ടാറ്റ മോട്ടോഴ്സ്. ഹോൺബിൽ എന്ന കോഡ് നാമത്തിൽ വികസനഘട്ടത്തിലുള്ള മൈക്രോ എസ് യു വിയുടെ ആദ്യ മാതൃക ഇക്കുറി ജനീവയിൽ കമ്പനി പ്രദർശിപ്പിക്കുമെന്നാണു പ്രതീക്ഷ. മാർച്ചിൽ നടക്കുന്ന ജനീവ മോട്ടോർ ഷോയിൽ അഞ്ചു പുതിയ മോഡലുകൾ ടാറ്റ മോട്ടോഴ്സ് പ്രദർശിപ്പിക്കുമെന്നാണു സൂചന. എങ്കിലും മൈക്രോ എസ് യു വിയായ ‘ഹോൺബിൽ’ തന്നെയാവും ടാറ്റ മോട്ടോഴ്സ് പവിലിയനിലെ പ്രധാന ആകർഷണം.
പ്രീമിയം ഹാച്ച്ബാക്കായ ‘45 എക്സി’ന് അടിത്തറയാവുന്ന ആൽഫ മൊഡുലർ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ തന്നെയാണ് ടാറ്റ മോട്ടോഴ്സ് ‘ഹോൺബിൽ’ എസ് യു വിയും സാക്ഷാത്കരിക്കുക. എങ്കിലും ഹാച്ച്ബാക്കിനെ അപേക്ഷിച്ച് മൈക്രോ എസ് യു വിയുടെ വീൽബേസ് 50 എം എം കുറവായിരിക്കുമത്രെ. നിലവിൽ ‘ടിയാഗൊ’യിലുള്ള 1.2 ലീറ്റർ, ടർബോ ചാർജ്ഡ്, മൂന്നു സിലിണ്ടർ, റെവൊട്രോൺ പെട്രോൾ എൻജിനും 1.05 ലീറ്റർ, മൂന്നു സിലിണ്ടർ, റെവൊടോർക് ടർബോ ഡീസൽ എൻജിനും തന്നെയാവും ഹോൺബിലിനും കരുത്തേകുക.
ആദ്യഘട്ടത്തിൽ പെട്രോൾ എൻജിനോടെ മാത്രമാവും ഹോൺബിൽ ലഭിക്കുകയെന്നാണു സൂചന. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള ഡീസൽ എൻജിൻ വികസനത്തിനുള്ള കനത്ത ചെലവ് ‘ഹോൺബിലി’ന്റെ വില കുത്തനെ ഉയർത്തുമെന്നതാണു പ്രശ്നം. അതുകൊണ്ടുതന്നെ, ഹോൺബിലിന്റെ ഡീസൽ പതിപ്പ് യാഥാർഥ്യമാവുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ജനീവയിൽ ആദ്യ മാതൃക അരങ്ങേറ്റം കുറിക്കുമെങ്കിലും ഹോൺബിലിന്റെ ഉൽപ്പാദനസജ്ജമായ പതിപ്പ് മിക്കവാറും 2020 ഓട്ടോ എക്സ്പോയിലാവും അനാവരണം ചെയ്യപ്പെടുകയെന്നാണു പ്രതീക്ഷ. തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ ‘ഹോൺബിൽ’ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കുമെത്തും.