ചൈനയിലെ ഗിഗഫാക്ടറിക്കു ടെസ്‌ല ശിലയിട്ടു

tesla-logo
SHARE

യു എസ് വൈദ്യുത കാർ നിർമാതാക്കളായ ടെസ്ലയുടെ ചൈനയിലെ പ്ലാന്റ് നിർമാണത്തിനു തുടക്കമാവുന്നു. ഷാങ്ഹായിലെ ഗിഗഫാക്ടറി നിർമാണത്തിനു തുടക്കമാവുന്ന വിവരം കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എലോൺ മസ്ക് തന്നെയാണു ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.പ്രതിവർഷം അഞ്ചു ലക്ഷം വൈദ്യുത വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള ശാലയുടെ ശിലസ്ഥാപനമാണു ഷാങ്ഹായിൽ നടക്കുന്നതെന്നും മസ്ക് വ്യക്തമാക്കി. യു എസിനു പുറത്തുള്ള ആദ്യ നിർമാണശാല ചൈനയിൽ പ്രവർത്തനക്ഷമമാവുന്നതോടെ ടെസ്ലയുടെ ഉൽപ്പാദനശേഷി ഇരട്ടിയായാണ്  ഉയരുക. 

ഈ വേനൽക്കാലത്തു തന്നെ പുതിയ ശാലയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനം പൂർത്തിയാവുമെന്നും മസ്ക് പ്രഖ്യാപിച്ചു. വർഷാവസാനത്തോടെ ‘മോഡൽ ത്രീ’ ഉൽപ്പാദനം ആരംഭിക്കാനാവുമെന്നാണു ടെസ്‌ലയുടെ പ്രതീക്ഷ. അടുത്ത വർഷത്തോടെ ചൈനയിൽ പൂർണതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാനാവുമെന്നും മസ്ക് കരുതുന്നു. പുതിയ നിർമാണശാല സ്ഥാപിക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ജൂലൈയിലാണു മസ്ക് ചൈനീസ് നേതാക്കളുമായി ചർച്ച നടത്തിയത്. തുടർന്ന് രാജ്യത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ടെസ്‌ല ഗിഗാഫാക്ടറി സ്ഥാപിക്കുന്നു സംബന്ധിച്ചു ഷാങ്ഹായ് സർക്കാരുമായി കരാറും ഒപ്പിട്ടു.

ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗത്തിൽ യു എസിനെ അപേക്ഷിച്ച് ചൈന 100 ഇരട്ടി മുന്നിലാണെന്നും മസ്ക് വിലയിരുത്തിയിരുന്നു. നിർമാണം തുടങ്ങിയ രണ്ടു വർഷത്തിനകം ‘ഗിഗാഫാക്ടറി ത്രീ’യിൽ പൂർണതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാനാവുമെന്നാണു മസ്കിന്റെ വിവിധ ബിസിനസ് സംരംഭങ്ങളെ നിയന്ത്രിക്കുന്ന മൾട്ടി പ്ലാറ്റ്ഫോം കമ്പനിയായ ടെസ്ലരാട്ടിയുടെ വിലയിരുത്തൽ. ശാലയ്ക്കുള്ള അത്യാധുനിക റോബോട്ടുകളും യന്ത്ര സംവിധാനങ്ങളുമൊക്കെ ഇറക്കുമതി ചെയ്ത് ഇത്തരമൊരു ശാല പരിമിത സമയത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുക കനത്ത വെല്ലുവിളിയാണെന്നും കമ്പനി കരുതുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA