ഹാർലിയുടെ ഇലക്ട്രിക് ബൈക്ക്, ഒറ്റ ചാർജിൽ 180 കി.മീ, ഉയർന്ന വേഗം 100 കി.മീ

യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സന്റെ ആദ്യ വൈദ്യുത മോട്ടോർ സൈക്കിൾ ലാസ് വെഗാസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ(സി ഇ എസ്)യിൽ അനാവരണം ചെയ്തു. സാംസങ് എസ് ഡി ഐ കമ്പനിയുടെ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന ‘ലൈവ് വയറി’ന്റെ രംഗപ്രവേശം സാംസങ് തന്നെയാണു സ്ഥിരീകരിച്ചത്. 

സാങ്കേതിക വിദ്യയിൽ തൽപരരായ, പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ടു പുത്തൻ വൈദ്യുത മോട്ടോർ സൈക്കിൾ വികസിപ്പിക്കാനായി സാംസ്ങ്ങും ഹാർലി ഡേവിഡ്സനും കഴിഞ്ഞ നാലു വർഷത്തോളമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഹാർലിയുടെ ആദ്യ വൈദ്യുത ബൈക്കിനായി ലിതിയം അയോൺ സെല്ലുകളാണ് സാംസങ് എസ് ഡി ഐ വികസിപ്പിച്ചത്.

Harley Davidson Livewire

ഒറ്റത്തവണ ചാർജ് ചെയ്താൽ ‘ലൈവ് വയർ’ 180 കിലോമീറ്റർ ഓടുമെന്നാണു പ്രതീക്ഷ; നിശ്ചലാവസ്ഥയിൽ നിന്ന് വെറും മൂന്നര സെക്കൻഡിൽ ബൈക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുകയും ചെയ്യും. 

ആദ്യമായി പ്രദർശനത്തിനെത്തുന്ന വേളയിൽ തന്നെ ‘ലൈവ് വയറി’നുള്ള പ്രീ ബുക്കിങ്ങും ഹാർലി ഡേവിഡ്സൻ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ബൈക്കിനായി പ്രത്യേകം സജ്ജീകരിച്ചു വെബ്സൈറ്റ് വഴിയാണു ‘ലൈവ് വയർ’ ബുക്ക് ചെയ്യാൻ അവസരം. ഓഗസ്റ്റോടെ ഡെലിവറി ആരംഭിക്കുമെന്നു കരുതുന്ന ‘ലൈവ് വയറി’ന് 29,799 ഡോളർ(ഏകദേശം 20.96 ലക്ഷം രൂപ) ആണു വില. അടുത്ത വർഷത്തോടെ ഹാർലി ‘ലൈവ് വയർ’ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷ; ഇറക്കുമതി ചുങ്കവും നികുതികളും ചേരുന്നതോടെ ബൈക്കിന്റെ വില ഇതിലുമുയരുമെന്നു മാത്രം. 

‘ലൈവ് വയറി’നു പുറമെ മറ്റു വൈദ്യുത ബൈക്ക് മാതൃകകളും ഹാർലി ഡേവിഡ്സൻ സി ഇ എസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്; ഇവ മിക്കവാറും 2022ൽ വിപണിയിലെത്തുമെന്നാണു സൂചന. 

അതേസമയം ‘ലൈവ് വയറി’ന്റെ സാങ്കേതികവിവരങ്ങളൊന്നും ഹാർലി ഡേവിഡ്സൻ പുറത്തുവിട്ടിട്ടില്ല; ബാറ്ററി ശേഷി, ഭാരം തുടങ്ങിയവ സംബന്ധിച്ചു സൂചനകളേയില്ല. പെർമനന്റ് മാഗ്നറ്റ് വൈദ്യുത മോട്ടോർ സഹിതമെത്തുന്ന ബൈക്കിൽ ഊർജ സംഭരണത്തിനായി റീചാർജബ്ൾ എനർജി സ്റ്റോറേജ് സിസ്റ്റ(പ്രധാന ബാററ്റി)മാണ് ഉപയോഗിച്ചിരിക്കുന്നത്; കാസ്റ്റ് അലൂമിനിയം ഹൗസിങ്ങിൽ സൂക്ഷിച്ച ലിഥിയം അയോൺ  സെല്ലുകളാണിത്. ലൈറ്റുകൾക്കും ഹോണിനും ഡിസ്പ്ലേയ്ക്കുമൊക്കെയായി മറ്റൊരു 12 വോൾട്ട് ലിതിയം അയോൺ ബാറ്ററിയും ബൈക്കിലുണ്ട്.