പൊലീസില്ല അല്ലെങ്കിൽ ആരും കാണില്ല, പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമാണ് പലപ്പോഴും ട്രാഫിക് നിയമലംഘനത്തിന് പ്രേരിപ്പിക്കുന്നത്. പൊലീസിനെ കാണുമ്പോൾ മാത്രം ഹെൽമെറ്റ് ധരിക്കുക, സീറ്റ്ബെൽറ്റ് ധരിക്കുക തുടങ്ങിയ ശീലങ്ങൾ ഇതിനുള്ള ഉദാഹരമാണ്. എന്നാൽ ആ ആത്മവിശ്വാസത്തിന് തടയിടാൻ പുതിയ പദ്ധതിയുമായി എത്തുകയാണ് ഗോവ പൊലീസ്. പൊതുജനങ്ങൾ ട്രാഫിക് നിയമലംഘനങ്ങളുടെ ഫോട്ടോയെ, വിഡിയോയോ അയച്ചുനൽകിയാൽ 1000 രൂപവരെ പ്രതിഫലം നൽകുമെന്നാണ് ഗോവ പൊലീസിന്റെ അറിയിപ്പ്. ഫെയ്സ്ബുക്ക് വഴി പുതിയ പദ്ധതിയുടെ ക്യാംപെയ്ൻ ഗോവ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഗൂഗിൾ ആപ്പ്സ്റ്റോറിന്റെ സെന്റിനൽ എന്ന ആപ്പ് ഡൗൺലോഡ് ചെയ്താൽ നിങ്ങൾക്കും നിയമ ലംഘനങ്ങൾ റിപ്പോർട്ടു ചെയ്യാം. ഗോവയിൽ എവിടെ ട്രാഫിക് നിയമ ലംഘനം കണ്ടാലും ഈ ആപ്പിലൂടെ പൊലീസിൽ റിപ്പോർട്ട് ചെയ്യാം. ഓരോ കുറ്റകൃത്യത്തിനും പ്രത്യേക പോയിന്റുകളുണ്ട്. 100 പോയിന്റിന്റെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് 1000 രൂപ സമ്മാനമായി ലഭിക്കുക എന്ന് പൊലീസ് പറയുന്നു.
ചിത്രങ്ങൾ, വിഡിയോകൾ എന്നിവ അയയ്ക്കുന്നതിന് ട്രാഫിക് നിയമലംഘനങ്ങളുടെ സ്വഭാവമനുസരിച്ചാണ് പോയിന്റ് ലഭിക്കുന്നത്. ട്രാഫിക് ഫ്ലോ തെറ്റിച്ച് വാഹനമോടിക്കുന്നതിന്റെ ചിത്രം നൽകുന്നതിന് 10 പോയിന്റാണ്. അപകടകരമായ് ഡ്രൈവിങ്ങിന്റെ വിഡിയോ നൽകിയാലും കിട്ടും 10 പോയിന്റ്. ഇങ്ങനെ വളരെ ആസൂത്രിതമായ പോയിന്റ് മാനദണ്ഡങ്ങൾ പദ്ധതിയുടെ ഭാഗമായി പൊലീസ് അവതരിപ്പിച്ചിട്ടുണ്ട്. വളരെ ആവേശത്തോടെയാണ് ജനങ്ങൾ പൊലീസിന്റെ ഈ തീരുമാനത്തെ സ്വീകരിച്ചത്.
പൊലീസ് പ്രസിദ്ധീകരിച്ചിരിക്കുന്ന നിയമലംഘനങ്ങളും പോയിന്റ് നിലവാരവും