മാരുതിയുടെ ജനപ്രിയ കാർ വാഗൺആറിന്റെ പുതിയ വകഭേദം ഉടൻ വിപണിയിൽ. ടോൾ ബോയ് ലുക്ക് നിലനിർത്തിയെത്തുന്ന വാഹനത്തിന് അടിമുടി മാറ്റങ്ങളുണ്ട്. വീതികൂടിയ ബോഡി, മികച്ച ഇന്റീരിയർ, സ്പേഷ്യസ് ക്യാബിൻ, ബെസ്റ്റ് ഇൻ ക്ലാസ് ബൂട്ട് സ്പെയ്സ് എന്നിവ പുതിയ വാഗൺആറിന്റെ പ്രത്യേകതകളാണ്.
ഉടൻ വിപണിയിലെത്തുന്ന മൂന്നാം തലമുറ വാഗൺആറിന്റെ ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു. 11000 രൂപ നൽകി മാരുതി ഡീലർഷിപ്പിൽ നിന്നോ മാരുതി വെബ്സൈറ്റിലൂടെ ഓൺലൈനായോ പുതിയ വാഗൺആർ ബുക്ക് ചെയ്യാം. 1.2 ലീറ്റർ, 1.0 ലീറ്റർ എന്നീ രണ്ട് എൻജിൻ വകഭേദങ്ങളിലാണ് പുതിയ വാഗൺ ആർ എത്തുക. മാനുവൽ ഗിയർബോക്സ് കൂടാതെ എജിഎസ് വകഭേദവുമുണ്ടാകും.
മാരുതിയുടെ അഞ്ചാം തലമുറ ഹേർട്ട്ടെക് പ്ലാറ്റ്ഫോമിലാണ് പുതിയ വാഗൺആർ നിർമിക്കുന്നത്. പുതിയ പ്ലാറ്റ്ഫോം വാഹനത്തെ കൂടുതൽ സ്റ്റേബിളും കരുത്തുറ്റതുമാക്കുന്നുവെന്നു മാരുതി പറയുന്നു. ഡ്രൈവർ എയർബാഗ്, എബിഎസ്, ഇബിഡി, ഫ്രണ്ട് സീറ്റ്ബെൽറ്റ് റിമൈന്റർ, സ്പീഡ് അലേർട്ട് സിസ്റ്റം, റിയർ പാർക്കിങ് സെൻസറുകൾ എന്നിവ അടിസ്ഥാന വകഭേദം മുതലുണ്ടാകും.