ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നതും പരിക്കുപറ്റുന്നതും ഇരുചക്ര വാഹന യാത്രികർക്കാണ്. ബൈക്ക് ഓടിക്കുന്നവരുടെ അശ്രദ്ധ മാത്രമല്ല, പിന്നിലിരിക്കുന്നവരുടെ ശ്രദ്ധക്കുറവും അപകടങ്ങൾ ക്ഷണിച്ചു വരുത്തും. അത്തരത്തിലൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ബൈക്കിന്റെ പിൻ ടയറിൽ പർദ്ദയുടെ അറ്റം കുടുങ്ങിയാണ് അപകടം നടന്നത്. മലപ്പുറം കോട്ടയ്ക്കൽ പുത്തൂരിലാണ് സംഭവം.
ബൈക്കിന്റെ പിന്നിലിരുന്നു പോകുകയായിരുന്ന യുവതിയുടെ പർദ്ദയാണ് ടയറിൽ കുടുങ്ങിയത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. പുലർച്ചെ ആയതുകൊണ്ടും റോഡിൽ തിരക്കില്ലാത്തതുകൊണ്ടും വലിയ അപകടമുണ്ടായില്ല എന്നാണ് കരുതുന്നത്. ബൈക്കിന്റെ പുറകിൽ അശ്രദ്ധമായി ഇരിക്കുന്നവർക്കെല്ലാം പാഠമാണ് ഈ വിഡിയോ.
അൽപം ശ്രദ്ധ അപകടം ഒഴിവാക്കാം
ബൈക്കിന്റെ പിന്നിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ സാരിയോ, ചുരിദാറിന്റെ ഷോളോ പോലുള്ളവ ടയറിൽ കുടുങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ പിന്നിൽ ഇരിക്കുന്നവർ അല്പം ശ്രദ്ധിക്കുക തന്നെ വേണം. വേഗത്തിൽ പോകുന്ന ബൈക്കിന്റെ ടയറിൽ വസ്ത്രം കുടുങ്ങിയാൽ പിന്നിൽ ഇരിക്കുന്ന ആൾ റോഡിലേയ്ക്ക് വീഴും. വാഹനങ്ങൾ പിന്നിൽ നിന്നും വരുന്നുണ്ടെങ്കിൽ വലിയ അപകടങ്ങൾക്കിതു കാരണമാകാം. ഇത്തരത്തിൽ നിരവധി അപകടമരണ വാർത്തകൾ നാം കേൾക്കുന്നുണ്ട്. അതുകൊണ്ട് ബൈക്കിന്റെ പിന്നിൽ ഇരിക്കുമ്പോൾ കുറച്ചേറെ ജാഗ്രത പുലർത്തുക.