ഇറ്റാലിയൻ സൂപ്പർ സ്പോർട് കാർ നിർമാതാക്കളായ ലംബോർഗ്നിയിൽ നിന്നുള്ള ‘ഹുറാകാൻ ഇവൊ’യുടെ ഇന്ത്യൻ അരങ്ങേറ്റം അടുത്ത ഏഴിന്. നവീകരിച്ച രൂപകൽപ്പനയും കൂടുതൽ കരുത്തും മികച്ച ഏറോഡൈനമിക്സുമൊക്കെയായിട്ടാണു ‘ഹുറാകാ’ന്റെ പരിഷ്കരിച്ച പതിപ്പായ ‘ഹുറാകാൻ ഇവൊ’ എത്തുന്നത്.
മുന്നിലും പിന്നിലും പുതിയ ബംപറും ഡിഫ്യൂസറും ഇടംപിടിച്ചതിനൊപ്പം ‘ഹുറാകാൻ ഇവൊ’യിൽ ഉയർന്നു നിൽക്കുന്ന ഇരട്ട എക്സോസ്റ്റ് പൈപ്പുമെത്തുന്നുണ്ട്. ഡൗൺഫോഴ്സും ഡ്രാഗുമായുള്ള സന്തുലനം മെച്ചപ്പെടുത്താൻ പുതിയ സംയോജിത ഡക്ക്ടെയിൽ സ്പോയ്ലറുമുണ്ട്. സൂപ്പർ സ്ലിപ്പറി അണ്ടർബോഡിയും പുത്തൻ ‘ഹുറാകാ’ന്റെ സവിശേഷതയാണ്.
രണ്ടു വർഷം മുമ്പ് 2017ൽ ഇന്ത്യയിൽ അവതരിപ്പിച്ച ‘ഹുറാകാൻ പെർഫോമന്റെ’യിലെ എൻജിനാണ് പരിഷ്കരിച്ച ‘ഹുറാകാൻ ഇവൊ’യ്ക്കും കരുത്തേകുന്നത്. കാറിലെ 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ്, വി 10 എൻജിന് 640 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാനാവും; മുൻ മോഡലിലെ എൻജിനെ അപേക്ഷിച്ച് 30 ബി എച്ച് പി അധികമാണിത്. 600 എൻ എമ്മാണ് ഈ എൻജിൻ സൃഷ്ടിക്കുന്ന പരമാവധി ടോർക്ക്. നിശ്ചലാവസ്ഥയിൽ നിന്ന് വെറും 2.9 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ‘ഹുറാകാൻ ഇവൊ’യ്ക്കാവുമെന്നാണു ലംബോർഗ്നിയുടെ അവകാശവാദം. ഒൻപതു സെക്കൻഡിൽ 200 കിലോമീറ്റർ വേഗം കൈവരിക്കാനും കാറിനാവുമത്രെ. മണിക്കൂറിൽ 323.50 കിലോമീറ്ററാണു ‘ഹുറാകാൻ ഇവൊ’യ്ക്കു ലംബോർഗ്നി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം.
എൻജിനിലെ മാറ്റത്തിനൊപ്പം ‘ഹുറാകാൻ ഇവൊ’യിൽ പുതിയ ഷാസി കൺട്രോൾ സംവിധാനവും ലംബോർഗ്നി അവതരിപ്പിക്കുന്നുണ്ട്. ‘ലംബോർഗ്നി ഡൈനമിക വെയ്സൊലൊ ഇന്റഗ്രേറ്റ’(എൽ ഡി വി ഐ) എന്നു പേരിട്ട ഈ സംവിധാനം കാറിന്റെ കുതിപ്പും റോൾ, പിച്ച് തുടങ്ങിയവയൊക്കെ നിരന്തരം നിരീക്ഷിക്കുന്നതിനപ്പം ഡ്രൈവിങ് ശൈലയിലും പ്രവചിക്കും. ഓൾ വീൽ ഡ്രൈവ് സംവിധാനത്തിലെ എൻഹാൻസ്ഡ് ടോർക് വെക്ടറിങ്ങിലൂടെ ‘ഹുറാകാൻ ഇവൊ’യുടെ ഏതു വീലിലേക്കും കരുത്ത് തിരിച്ചുവിടാൻ ലംബോർഗ്നിക്കു സാധിക്കുന്നുണ്ട്. ഇതോടൊപ്പം കോണറിങ് കൂടുതൽ കാര്യക്ഷമമാക്കാൻ ഡൈനമിക് സ്റ്റീയറിങ് സിസ്റ്റവും പരിഷ്കരിച്ചിട്ടുണ്ട്.
അകത്തളത്തിൽ 8.4 ഇഞ്ച്, കപ്പാസിറ്റീവ് ടച് സ്ക്രീനും സെന്റർ കൺസോളിൽ ഇടംപിടിക്കുന്നുണ്ട്. ക്ലൈമറ്റ് കൺട്രോൾ മുതൽ ആപ്ൾ കാർ പ്ലേ വരെ എല്ലാ സംവിധാനത്തിന്റെയും നിയന്ത്രണം കയ്യാളുന്ന ഇൻഫൊടെയ്ൻമെന്റ് സിസ്റ്റത്തിൽ അഡ്വാൻസ്ഡ് വോയ്സ് കമാൻഡ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭരണ ശേഷിയേറിയ ഹാർഡ് ഡിസ്കിനൊപ്പം ഇരട്ട കാമറ ടെലിമെട്രി സംവിധാനവുമുണ്ട്. അഞ്ചു വർഷം മുമ്പ് 2014ൽ ഇന്ത്യയിലെത്തുമ്പോൾ ‘ഹുറാകാൻ എൽ പി 610 — ഫോറി’ന് ഡൽഹി ഷോറൂമിൽ 3.43 കോടി രൂപയായിരുന്നു വില. പകരക്കാരനാവുന്ന ‘ഹുറാകാൻ ഇവൊ’യുടെ വിലയും ഫെബ്രുവരി ഏഴിനാവും ലംബോർഗ്നി പ്രഖ്യാപിക്കുക.