കോംപാക്ട് എസ് യു വിയായ ‘നെക്സ’ന്റെ ‘ക്രാസ് എഡീഷനി’ൽ ടാറ്റ മോട്ടോഴ്സ് കൽഗാരി വൈറ്റ് എന്ന പുതുനിറം അവതരിപ്പിച്ചു. ‘നെക്സ’ന്റെ ആദ്യ വാർഷികാഘോഷം പ്രമാണിച്ചു കഴിഞ്ഞ സെപ്റ്റംബറിലാണു ട്രോംസൊ ബ്ലാക്ക് നിറത്തിലുള്ള ‘ക്രാസ് എഡീഷൻ’ അരങ്ങേറ്റം കുറിച്ചത്.
വിപണിയിൽ മികച്ച വരവേൽപ്പ് ലഭിച്ച സാഹചര്യത്തിലാണു ടാറ്റ മോട്ടോഴ്സ് ‘ക്രാസ് എഡീഷനി’ൽ കൽഗാരി വൈറ്റ് നിറവും ലഭ്യമാക്കിയത്. ‘നെക്സ’ന്റെ ‘എക്സ് ടി’ വകഭേദത്തിനൊപ്പം ‘ക്രാസ്’, ‘ക്രാസ് പ്ലസ്’ എഡീഷനുകളിൽ മാത്രമാണ് ഈ നിറങ്ങൾ ലഭിക്കുക. വിലയിൽ മാറ്റമൊന്നുമില്ല.
സ്പോർടി രൂപകൽപ്പനയും തന്റേടം തുളുമ്പുന്ന അകത്തളവുമുള്ള ‘നെക്സൻ ക്രാസി’ൽ ട്രോംസൊ ബ്ലാക്ക് ബോഡിയും സോണിക് സിൽവൽ ഇരട്ട വർണ റൂഫും ക്രാസ് പാറ്റേണുള്ള നിയോ ഗ്രീൻ സീറ്റ് സ്റ്റിച്ചിങ്, മുൻ ഗ്രിൽ ഇൻസർട്ട്, സെൻട്രൽ കൺട്രോൾ ബാഡ്ജിങ്, പിയാനൊ ഡാഷ് ബോർഡ്, നിയോ ഗ്രീൻ എയർ വെന്റ് സറൗണ്ട് തുടങ്ങിയവയൊക്കെ ടാറ്റ മോട്ടോഴ്സ് സജ്ജീകരിച്ചിരുന്നു.
‘നെക്സൻ ക്രാസി’നു കരുത്തേകുന്നത് 110 പി എസ് ടർബോ ചാർജ്ഡ് എൻജിനുകളാണ്; 1.5 ലീറ്റർ റെവൊടോർക് ഡീസലും 1.2 ലീറ്റർ റെവൊട്രോൺ പെട്രോളും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഹൈവേകളിലെ കാര്യക്ഷമമായ ക്രൂസിങ്ങിനായി ഇകോ മോഡ്, നഗരത്തിരക്കിനായി സിറ്റി മോഡ്, കൂടുതൽ പ്രകടനക്ഷമതയ്ക്കായി സ്പോർട് മോഡ് എന്നിവയും ‘നെക്സണി’ലുണ്ട്.
യാത്രകൾ ആസ്വാദ്യകരമാക്കാൻ ഹർമാന്റെ നാലു സ്പീക്കർ ഇൻഫൊടെയ്ൻമെന്റ്, ബ്ലൂടൂത്ത്, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, പിന്നിൽ എയർ വെന്റ് സഹിതം ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റബ്ൾ ഫോൾഡബ്ൾ മിറർ, റിവേഴ്സ് പാർക്കിങ് സെൻസർ, മൾട്ടി യൂട്ടിലിറ്റി ഗ്ലൗ ബോക്സ് തുടങ്ങിയവയും ‘നെക്സൻ ക്രാസി’ലുണ്ട്.