എക്സ് യു വി 300 അരങ്ങേറ്റം വലന്റൈൻസ് ദിനത്തിൽ

mahindra-xuv300
SHARE

വലന്റൈൻസ് ദിനത്തിൽ അരങ്ങേറ്റം കുറിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യിൽ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘എക്സ് യു വി 300’ ഒരുങ്ങുന്നു. ചെറു എസ് യു വി സെഗ്മെന്റിലെ എതിരാളികളോട് ഏറ്റുമുട്ടാൻ ഫെബ്രുവരി 14ന് ‘എക്സ് യു വി 300’ എത്തുന്നം. അരങ്ങേറ്റത്തിനു മുന്നോടിയായി മഹീന്ദ്ര ‘എക്സ് യു വി 300’ ബുക്കിങ്ങുകൾ കഴിഞ്ഞ ആഴ്ച മുതൽ സ്വീകരിച്ചു തുടങ്ങിയിരുന്നു. 20,000 രൂപയാണു കമ്പനി അഡ്വാൻസ് ഈടാക്കുന്നത്. ‘എക്സ് യു വി 300’വില എട്ടു ലക്ഷം രൂപയ്ക്കും 12 ലക്ഷം രൂപയ്ക്കുമിടയിലാവുമെന്നും കമ്പനിയുടെ വിൽപ്പന, വിപണന വിഭാഗം മേധാവി വീജേ രാം നക്ര വെളിപ്പെടുത്തിയിരുന്നു. 

മഹീന്ദ്രയുടെ ഉപസ്ഥാപനവും ദക്ഷിണ കൊറിയൻ നിർമാതാക്കളുമായ സാങ്യങ്ങിന്റെ ‘ടിവൊലി’ പ്ലാറ്റ്ഫോം ആധാരമാക്കിയാണ് ‘എക്സ് യു വി 300’ സാക്ഷാത്കരിച്ചിരിക്കുന്നത്; പക്ഷേ നീളം നാലു മീറ്ററിൽ താഴെയായി പരിമിതപ്പെടുത്താൻ പ്ലാറ്റ്ഫോമിലും പരിഷ്കാരം ആവശ്യമായി വന്നു. ബോഡി ഘടകങ്ങളും രൂപകൽപ്പനയുമെല്ലാം ‘ടിവൊലി’യിൽ നിന്നു കടമെടുത്തതാണ്. ഒപ്പം ഇന്ത്യൻ സാഹചര്യങ്ങൾക്കായി എസ് യു വിയുടെ സസ്പെൻഷൻ മഹീന്ദ്ര പൊളിച്ചു പണിയുകയും ചെയ്തു.

എം പി വിയായ ‘മരാസൊ’യിൽ അരങ്ങേറിയ 1.5 ലീറ്റർ, നാലു സിലിണ്ടർ, ഡീസൽ എൻജിനാവും ‘എക്സ് യു വി 300’ എസ് യു വിക്കും കരുത്തേകുക. കോംപാക്ട് എസ് യു വിയിലെത്തുമ്പോൾ ഈ ഡീസൽ എൻജിന് 300 എൻ എമ്മോളം ടോർക്ക് സൃഷ്ടിക്കും. ഒപ്പമുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനാവട്ടെ 200 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും ഇരു എൻജിനുകൾക്കുമൊപ്പമുള്ള ട്രാൻസ്മിഷൻ.  ഡ്രൈവറുടെ മുട്ട് സംരക്ഷിക്കാനുള്ള എയർബാഗ് സഹിതമെത്തുന്ന ‘എക്സ് യു വി 300’ എസ് യു വിയിൽ നാലു വീലിലും ഡിസ്ക് ബ്രേക്കും മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്.

ഡബ്ല്യു ഫോർ, ഡബ്ല്യു സിക്സ്, ഡബ്ല്യു എയ്റ്റ് എന്നീ മൂന്നു വകഭേദങ്ങളിലാണ് ‘എക്സ് യു വി 300’ വിപണിയിലെത്തുക. കൂടാതെ അധിക സുരക്ഷാ ക്രമീകരണങ്ങളും സാങ്കേതിക വിദ്യകളുമായി ഡബ്ല്യു എയ്റ്റ് (ഒ) എന്ന ഓപ്ഷൻ പായ്ക്ക് വകഭേദവും മഹീന്ദ്ര അവതരിപ്പിക്കുന്നുണ്ട്. അിടിസ്ഥാന വകഭേദമായ ‘ഡബ്ല്യു ഫോറി’ൽ തന്നെ എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക് സംവിധാനം, എല്ലാ വീലിലും ഡിസ്ക് ബ്രേക്ക്, എൽ ഇ ഡി ടെയിൽ ലാംപ്, നാലു പവർ വിൻഡോ തുടങ്ങിയവ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. മുന്തിയ പതിപ്പിലാവട്ടെ മുൻ പാർക്കിങ് സെൻസർ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ, ഇരട്ട സോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, എട്ട് ഇഞ്ച് ടച് സ്ക്രീൻ, സൺ റൂഫ്, ഏഴ് എയർബാഗ് തുടങ്ങിയവയൊക്കെയുണ്ടാവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA