ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വില വർധിപ്പിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തോടെ പുതിയ വില പ്രാബല്യത്തിലെത്തുമെന്നു കമ്പനി അറിയിച്ചു. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘സി ആർ -വി’ക്ക് 10,000 രൂപയും മറ്റു മോഡലുകൾക്ക് 7,000 രൂപ വരെയുമാണ് വർധിക്കുകയായെന്ന് ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) അറിയിച്ചു. ഡൽഹി ഷോറൂമിൽ 4.73 ലക്ഷം രൂപ വിലയുള്ള ഹാച്ച്ബാക്കായ ‘ബ്രിയൊ’ മുതൽ 43.21 ലക്ഷം രൂപ വിലയുള്ള ‘അക്കോഡ് ഹൈബ്രിഡ്’ വരെ നീളുന്നതാണു ഹോണ്ടയുടെ ഇന്ത്യയിലെ മോഡൽ ശ്രേണി.
അസംസ്കൃത വസ്തുക്കളുടെ വിലയേറിയതും വിദേശ നാണയ വിനിമയ നിരക്കിലെ നിരന്തര ചാഞ്ചാട്ടവും കടുത്ത സമ്മർദമാണു സൃഷ്ടിച്ചിരിക്കുന്നതെന്ന് എച്ച് സി ഐ എൽ സീനിയർ വൈസ് പ്രസിഡന്റും വിൽപ്പന വിഭാഗം ഡയറക്ടറുമായ രാജേഷ് ഗോയൽ വിശദീകരിച്ചു. ഏറെക്കാലമായി ഈ അധിക ബാധ്യത കമ്പനി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ അടുത്ത ഒന്നു മുതൽ കാർ വില വർധിപ്പിച്ച് ഇതിലൊരു ഭാഗം ഉപയോക്താക്കൾക്കു കൈമാറാനാണു കമ്പനിയുടെ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. നേരത്തെ ജനുവരി മുതൽ തന്നെ വില വർധിപ്പിക്കാനായിരുന്നു ഹോണ്ടയുടെ നീക്കം.
പുതുവർഷത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കാൻ മിക്കവാറുമെല്ലാ വാഹന നിർമാതക്കളും തീരുമാനിച്ചിരുന്നതാണ്. ഉൽപ്പാദന ചെലവ് ഉയർന്ന സാഹചര്യത്തിൽ ജനുവരി മുതൽ വാഹന വിലയിൽ രണ്ടു ശതമാനം വരെ വർധന നടപ്പാക്കാനായിരുന്നു വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ തീരുമാനം. മാരുതി സുസുക്കിയുടെ പ്രധാന എതിരാളികളും ദക്ഷിണ കൊറിയൻ നിർമാതാക്കളുമായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡും ജനുവരിയിൽ വില വർധന നടപ്പാക്കിയിരുന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), ഫോക്സ്വാഗൻ, ടാറ്റ മോട്ടോഴ്സ്, ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ, ഹോണ്ട കാഴ്സ് ഇന്ത്യ, സ്കോഡ, ഇസൂസു മോട്ടോർ ഇന്ത്യ, നിസ്സാൻ, റെനോ തുടങ്ങിയ കമ്പനികളെല്ലാം തന്നെ പുതുവർഷത്തിൽ വാഹന വില ഉയർത്തി.
പുതുവർഷത്തിൽ ‘ജീപ് കോംപസി’ന്റെ വിലയും എഫ് സി എ ഇന്ത്യ വർധിപ്പിച്ചു; 80,000 രൂപയുടെ വരെ വർധനയാണ് ‘കോംപസി’നു നടപ്പായത്.അതേസമയം ‘കോംപസി’ന്റെ അടിസ്ഥാന മോഡലിനെ കമ്പനി വിലവർധനയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.