ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന്റെ ഉപസ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാം ശാല പ്രവർത്തനം ആരംഭിച്ചു. ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ്’ ആണ് അഹമ്മദബാദിനടുത്ത് ഹൻസാൽപൂരിലുള്ള ശാലയിലെ രണ്ടാം അസംബ്ലിലൈനിൽ നിന്ന് ആദ്യം നിരത്തിലെത്തുന്നത്. രണ്ടാം അസംബ്ലി ലൈനിനൊപ്പം ഗുജറാത്ത് ശാലയിലെ പവർട്രെയ്ൻ പ്ലാന്റും പ്രവർത്തനസജ്ജമായിട്ടുണ്ട്.
ഇന്ത്യൻ വാഹന വിപണിയിൽ പ്രതീക്ഷിക്കുന്ന വൻ മുന്നേറ്റത്തിൽ പ്രതീക്ഷയർപ്പിച്ചാണു സുസുക്കി ഗുജറാത്തിൽ സ്വന്തം നിലയിൽ നിർമാണശാല ആരംഭിച്ചത്. കൂടാതെ തുറമുഖങ്ങളുമായുള്ള സാമീപ്യം മുൻനിർത്തി ഈ ശാലയിൽ നിന്നു കാര്യമായ കയറ്റുമതിയും സുസുക്കി ലക്ഷ്യമിടുന്നുണ്ട്. ഹൻസാൽപൂർ ശാലയിലെ ആദ്യ അസംബ്ലി ലൈനിൽ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യും ജനപ്രിയ ഹാച്ച്ബാക്കായ ‘സ്വിഫ്റ്റു’മാണു സുസുക്കി ഉൽപ്പാദിപ്പിക്കുന്നത്. ഓരോ അസംബ്ലി ലൈനിനും 2.50 ലക്ഷം യൂണിറ്റാണു വാർഷിക ഉൽപ്പാദന ശേഷി. രണ്ടാം ലൈൻ കൂടി പ്രവർത്തനക്ഷമമായതോടെ സുസുക്കി ഗുജറാത്ത് ശാലയുടെ മൊത്തം ഉൽപ്പാദനശേഷി പ്രതിവർഷം അഞ്ചു ലക്ഷം യൂണിറ്റായി ഉയർന്നിട്ടുണ്ട്.
ഇതോടൊപ്പം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു മനേസാറിലും ഗുരുഗ്രാമിലുള്ള ശാലകളിൽ പ്രതിവർഷം 15 ലക്ഷത്തോളം കാറുകളും ഉൽപ്പാദിപ്പിക്കാനാവും. ഗുജറാത്ത് ശാല കൂടിയായതോടെ സുസുക്കിയുടെ ഇന്ത്യയിലെ മൊത്തം വാർഷിക ഉൽപ്പാദനശേഷി 20 ലക്ഷം യൂണിറ്റിലെത്തിയിട്ടുണ്ട്.അടുത്ത വർഷത്തോടെ ഗുജറാത്ത് ശാലയിലെ മൂന്നാം അസംബ്ലി ലൈനും പ്രവർത്തനക്ഷമമാക്കാനാണു സുസുക്കി മോട്ടോർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതോടെ ഈ ശാലയുടെ മൊത്തം ഉൽപ്പാദനശേഷി ഏഴര ലക്ഷം യൂണിറ്റായി ഉയരും.
ക്രമേണ ഗുജറാത്ത് ശാലയിൽ നാലാം അസംബ്ലി ലൈൻ സ്ഥാപിക്കാനും സുസുക്കി മോട്ടോർ തീരുമാനിച്ചിട്ടുണ്ട്. രണ്ടും മൂന്നും പ്ലാന്റുകളുടെ തുടർച്ചയെന്ന നിലയിലാണു ശാലയിൽ നാലാം അസംബ്ലി ലൈൻ സ്ഥാപിക്കുക. പക്ഷേ ഈ അസംബ്ലി ലൈൻ സ്ഥാപിക്കാനുള്ള ചെലവ് സംബന്ധിച്ചു കമ്പനി സൂചനയൊന്നും നൽകിയില്ല.