പ്രാഥമിക ട്രാഫിക് നിയമങ്ങളിലൊന്നാണ് ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ് അരുതെന്നുള്ളത്. എന്നാൽ ഒരിക്കലെങ്കിലും ആ നിയമം തെറ്റിക്കാത്ത ആളുകളുണ്ടാകില്ല. ഹൈവേയിലും സിറ്റി ട്രാഫിക്കിലുമെല്ലാം ഇടതവശത്തുകൂടി ഓവർടേക്ക് ചെയ്യുന്ന നിരവധി ആളുകളെ കാണാൻ സാധിക്കും. ഇടതുവശത്തുകൂടിയുള്ള ഓവർടേക്കിങ് ശീലമാക്കിയവർ കാണേണ്ട വിഡിയോ ആണിത്.
ഹൈവേയിലൂടെ പോകുന്ന ഒരു കാറാണ് ഓവർടേക്കിങ്ങിന് ശ്രമിക്കുന്നതും അപകടത്തിൽനിന്നും രക്ഷപ്പെടുന്നതും. വലിയൊരു ട്രക്കിന്റെ അടിയിലേയ്ക്കാണ് കാർ ഡ്രൈവ് ചെയ്തു കയറിച്ചെല്ലുന്നത്. ഇടതുവശത്തേയ്ക്ക് ട്രക്ക് ഒതുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവങ്ങൾ. കാറിന്റെ ഡാഷ്ബോർഡ് ക്യാമറയാണ് അപകടത്തിൽ കാറും അതിനുള്ളിലെ യാത്രികരും രക്ഷപ്പെടുന്ന ദൃശ്യങ്ങൾക്കു സാക്ഷിയായത്. ഇവിടെ ഇൻഡികേറ്ററിടാതെ വളയ്ക്കാൻ ശ്രമിക്കുന്ന ട്രക്ക് ഡ്രൈവറും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കാർ ഡ്രൈവറും ഒരുപോലെ കുറ്റക്കാരനാണ്. നാലുവരി പാതകളിൽ വലതുവശത്തെ ലൈനിൽ കൂടിമാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളു എന്നാണ് നിയമം.
വലിയ ട്രക്കായതുകൊണ്ടു തന്നെ ടേണിങ് റേഡിയസ് കുറവായിക്കും അതുകൊണ്ട് വലതുവശത്തെ ലൈനിലേക്ക് അൽപം കയറ്റിയാണ് ഇടത്തേയ്ക്ക് ഒതുക്കാൻ ശ്രമിച്ചത്. ട്രക്കുകാരൻ ഇൻഡികേറ്ററിടാത്തതുകൊണ്ടാണ് കാർ ഇടതുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത് എന്ന് വിഡിയോയിൽ നിന്ന് മനസിലാകും. ട്രക്ക് ഡ്രൈവർ കാറിനെ കണ്ടതുകൊണ്ട് മാത്രമാണ് കൂട്ടിയിടി ഒഴിവായത്. കാറിന്റെ സ്ഥാനത്ത് ഒരു ഇരുചക്രവാഹനമായിരുന്നെങ്കിൽ ചിലപ്പോൾ അപകടം നടന്നേനെ.