ഇന്ത്യയിൽ വൈദ്യുത വാഹന(ഇ വി) നിർമാണത്തിന് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒരുങ്ങുന്നു. ചെന്നൈയ്ക്കടുത്ത് ശ്രീംപെരുംപുതൂരിലെ ശാലയുടെ ഉൽപ്പാദനശേഷി ഉയർത്താനുള്ള പദ്ധതിക്ക് തമിഴ്നാട് മന്ത്രിസഭയുടെ അനുമതിയും ലഭിച്ചു. 7,000 കോടിയോളം രൂപ ചെലവിലാണു ഹ്യുണ്ടേയ് ചെന്നൈ ശാലയുടെ ശേഷി വർധിപ്പിക്കുന്നത്. പ്രധാനമായും വൈദ്യുത വാഹന നിർമാണത്തിലേക്കു തിരിയാനാണ് ഹ്യുണ്ടേയ് കനത്ത നിക്ഷേപത്തിന് ഒരുങ്ങുന്നതെന്നാണു സൂചന.
തമിഴ്നാട്ടിലെ ഏറ്റവും വലിയ നിക്ഷേപകർക്കൊപ്പമാണു ഹ്യുണ്ടേയിയുടെ സ്ഥാനം. സംസ്ഥാനത്തു തുടർച്ചയായ നിക്ഷേപങ്ങളും ഹ്യുണ്ടേയ് നടത്തുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച വികസന പദ്ധതികൾ പൂർത്തിയാവുന്നതോടെ ആയിരത്തി അഞ്ഞൂറോളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണു കണക്കാക്കുന്നത്. ശ്രീപെരുംപുതൂർ ശാലയുടെ വാർഷിക ഉൽപ്പാദനശേഷിയിൽ ഒരു ലക്ഷം യൂണിറ്റിന്റെ വർധനയാണു ഹ്യുണ്ടേയ് ലക്ഷക്ഷ്യമിട്ടിരിക്കുന്നത്.
മന്ത്രിസഭയുടെ അനുമതി ലഭിച്ച 7,000 കോടി രൂപയുടെ പദ്ധതികളിൽ വൈദ്യുത വാഹന വികസനത്തിനുള്ള പ്രത്യേക ആനുകൂല്യങ്ങളടങ്ങിയ പാക്കേജും ഉൾപ്പെടുന്നുണ്ടെന്നാണു സൂചന. ചരക്ക്, സേവന നികുതി (ജി എസ് ടി) പ്രാബല്യത്തിലെത്തിയതോടെ നിർമാതാക്കൾക്കുള്ള ആനുകൂല്യ പാക്കേജുകൾ തമിഴ്നാട് പരിഷ്കരിച്ചുവരികയാണ്. മൂല്യവർധിത നികുതി(വാറ്റ്) പിരിക്കാൻ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന അവകാശം ജി എസ് ടി നടപ്പായതോടെ നഷ്ടമായതാണു തമിഴ്നാടിനു തലവേദന സൃഷ്ടിക്കുന്നത്. നേരത്തെ നികുതി ഇളവുകൾ വാഗ്ദാനം ചെയ്താണു ഹ്യുണ്ടേയും ഫോഡും പോലുള്ള വാഹന നിർമാതാക്കളെ തമിഴ്നാട് വാഹന ശാല സംസ്ഥാനത്തു സ്ഥാപിക്കാൻ പ്രേരിപ്പിച്ചത്.